എറണാകുളം: കൊറോണ വൈറസിന്‍റെ മാരകമായ പുതിയ വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തതോടെ ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി.
ബോട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍റ്, സിംബാംബ്‌വേ, സിംഗപ്പൂർ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട് യാത്ര ചരിത്രം ഉള്ളവർക്കുമാണ് പരിശോധന കർശനമാക്കിയത്. ഇവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരുമായി സമ്പർക്കം വന്നവരിലും നിരീക്ഷണമുണ്ടാകും.
ആദ്യഘട്ടം ഇവരിൽ ആർടി-പിസിആർ പരിശോധന നടത്തും. തുടർന്ന് ഇവർക്ക് ഏഴു ദിവസത്തെ ക്വാറന്‍റൈൻ നിർദേശിക്കും. എട്ടാം ദിവസം വീണ്ടും ആർടി-പിസിആർ പരിശോധന നടത്തും. വീണ്ടും പോസിറ്റീവ് ആയാൽ ഏഴു ദിവസം കൂടി ക്വാറന്‍റൈൻ തുടരേണ്ടി വരും.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും പരിശോധനകൾക്കുള്ള സൗകര്യം ഏർപ്പെടുത്തി. ഡോ.ഹനീഷ് മീരാസയാണ് നോഡൽ ഓഫീസർ. എട്ടംഗ ആരോഗ്യ പ്രവർത്തകരും സംഘത്തിലുണ്ട്. സിയാലുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
ആർടി-പിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ ഇന്ത്യൻ സാർസ് കൊവിഡ്-2 ജീനോമിക് കൺസോർഷ്യത്തിനു കീഴിലെ ജീനോം സീക്വൻസിങ് ലബോറട്ടറികളിൽ വിദഗ്‌ദ പരിശോധനക്കായി അയക്കും.