എറണാകുളം: ചൈനയിലെ കൊറോണ വൈറസ് ബാധിത മേഖലകളിൽ നിന്നും കൊച്ചിയിൽ തിരികെ വന്നവരിൽ പനിയുള്ള ഒരാൾ കൂടി നിരീക്ഷണത്തില്‍. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളജിലെ പ്രത്യേക ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ രോഗ നിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ളവരുടെ എണ്ണം മൂന്നായി. രണ്ട് പേർ കളമശേരി മെഡിക്കൽ കോളജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. നിരീക്ഷണത്തിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്‌തികരമായി തുടരുന്നു.
കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 33പേരോട് കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ തന്നെ കഴിയാൻ നിർദേശം നൽകി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ള ആളുകളുടെ എണ്ണം 39 ആയി. ആരിലും രോഗലക്ഷണങ്ങൾ ഇതുവരെ പ്രകടമായിട്ടില്ല. എറണാകുളം ജില്ലയിൽ നിന്നുള്ള മൂന്ന് പേരുടെ സാമ്പിളുകൾ ഇത് വരെ പുനെ നാഷനൽ ഇൻസറ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന്‍റെ ഫലങ്ങൾ ലഭിച്ചിട്ടില്ല. കൊറോണ വൈറസ് ബാധ പ്രതിരോധവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള എല്ലാ നിർദേശങ്ങളും പാലിക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഡിഎംഒയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം എറണാകുളം ജില്ലയിൽ രോഗനിരീക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധിത പ്രദേശത്തുനിന്നും കൊച്ചി വിമാനത്താവളം, കൊച്ചിൻ പോർട്ട് എന്നിവിടങ്ങളിൽ എത്തുന്ന യാത്രക്കാരെ നിരീക്ഷണ വിധേയമാക്കി വരുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗബാധിത പ്രദേശത്തുനിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവരെ കളമശ്ശേരി ഗവ.മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് ഉടൻ റഫർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.