എറണാകുളം: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിഥി തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിലെ ലേബർ ഡിപ്പാർട്ട്‌മെന്‍റിലാണ് കണ്‍ട്രോള്‍ റൂം തുറന്നത്. സേവനം ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് വകുപ്പ് തല ഉദ്യോഗസ്ഥർ പറയുന്നു.
അതിഥി തൊഴിലാളികളുടെ കൊവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, സംശയങ്ങളും പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ള എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപന ഘട്ടത്തിൽ ഈ സംരംഭം മുതല്‍ക്കൂട്ടായെന്നും ലേബർ ഓഫീസർ വിബി ബിജു വ്യക്തമാക്കി.
കൊവിഡ് പോസിറ്റീവ് ആയ തൊഴിലാളികൾക്ക് ആശുപത്രി സേവനം ലഭ്യമാക്കാനും, ഡോക്ടറെ ബന്ധപ്പെടാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 'അതിഥി ദേവോ ഭവ' പ്രൊജക്ടിന്‍റെ നേതൃത്വത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്‍റേയും, സന്നദ്ധ സംഘടനയുടെയും സഹകരണതോടെയാണ് കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നത്. ഈ സേവനത്തിനായി 9072303275,9072303276,9037220187 നമ്പറുകളില്‍ വിളിക്കാം.