എറണാകുളം: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നവീകരണപ്രവർത്തനങ്ങള്‍ ഉടന്‍ പൂർത്തിയാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിലാണ് രണ്ട് വർഷമായി തുടരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നത്. റോഡിന്‍റെ നിർമാണത്തിന് വേണ്ടി ഇറക്കിയ സാമഗ്രികൾ യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഇത് ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്.
പാതയുടെ വീതി കൂട്ടുന്നതിനുള്ള സംരക്ഷണ ഭിത്തി നിർമാണവും നീണ്ട് പോവുകയാണ്. വാളറക്ക് താഴെ ഫില്ലിങ് സൈഡിൽ മണ്ണ് നീക്കം ചെയ്‌തതിനാല്‍ പാതയോരം കൂടുതലായി ഇടിയുകയും ഉൾഭാഗത്തേക്ക് വലിയ ഗർത്തം ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്.വിനോദ സഞ്ചാര സീസണില്‍ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് വർധിച്ചാല്‍ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
നേര്യമംഗലം റാണിക്കല്ല് വളവിന് സമീപം സംരക്ഷണ ഭിത്തിക്കായി ഇറക്കിയ കല്ലുകൾ റോഡിലേക്ക് കയറ്റി നിരത്തിയിട്ടിരിക്കുകയാണ്.ഇതും ഗതാഗത തടസ്സമുണ്ടാക്കുന്നു. ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപകട സാധ്യതയും വിനോദ സഞ്ചാര സീസണും മുന്നിൽ കണ്ട് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുവാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.