എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്‍റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
ദിലീപിന്‍റെ സഹോദരൻ അനൂപ് ഉൾപ്പെടെ ആറ് പ്രതികളുടെയും ജാമ്യാപേക്ഷകൾ വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയിട്ടുണ്ട്. അതുവരെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടക്കില്ല.
അതേസമയം പൾസർ സുനിയെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. വിചാരണക്കോടതിയിലാണ് അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജയിലിൽ കഴിയുന്ന ഒന്നാം പ്രതി പൾസർ സുനിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തും. കേസിലെ ഗൂഢാലോചനയെ കുറിച്ച് സുനി സംസാരിച്ചിരുന്നതായി അമ്മ വെളിപ്പെടുത്തിയിരുന്നു. ആലുവ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മൊഴിയെടുക്കൽ നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും നിർണായകമാകാനാണ് സാധ്യത.
Also Read: മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്; ആരോഗ്യ നില തൃപ്‌തികരം