എറണാകുളം: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ഇ.ഡി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. വർഗീയ ശക്തികൾക്കെതിരായ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ നേരിടുകയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുള്‍പ്പടെ ആര്‍ക്കും സാമ്പത്തിക നേട്ടമുണ്ടാകാനില്ലെന്നിരിക്കെ രാഷ്‌ട്രീയമായ പകപോക്കലാണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമാണ്. വിഷയത്തില്‍ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ഇതിനെ നേരിടുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ ആജ്ഞാനുവർത്തികളായി ഇ.ഡി ഉൾപ്പടെയുള്ള ഏജൻസികൾ മാറിയിരിക്കുകയാണ്.
എന്നാൽ സ്വർണക്കടത്ത് കേസും നാഷണൽ ഹെറാൾഡ് കേസും രണ്ടാണ്. പിണറായി വിജയനെതിരെ ഗുരുതര ആരോപണമുയർന്നിട്ടും ഇ.ഡി അനങ്ങിയിട്ടില്ല. സംഘപരിവാർ സംഘടനകളുമായി ധാരണയുണ്ടാക്കി അന്വേഷണത്തിൽ നിന്നും പിണറായി വിജയൻ രക്ഷപ്പെടുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
എറണാകുളം ഡി.സി.സി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ഇ.ഡി ഓഫീസിന് മുന്നിൽ പൊലിസ് തടഞ്ഞു. കോൺഗ്രസ് ജനപ്രതിനിധികൾ ഉൾപ്പടെ നിരവധി പേർ മാർച്ചിൽ പങ്കെടുത്തു.