എറണാകുളം: കൊച്ചിയിലെ പ്രളയ തട്ടിപ്പ് കേസിൽ ഉൾപ്പട്ടവരെ രക്ഷിക്കാൻ സി.പി.എം എറണാകുളം ജില്ലാ നേതൃത്വം ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് ജനപ്രതിനിധികൾ. എം.എൽ.എ മാരായ വി.ഡി.സതീശൻ, പി.ടി.തോമസ്, ടി.ജെ.വിനോദ് , ഹൈബി ഈഡൻ എം.പി തുടങ്ങിയവർ കൊച്ചിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
കൊവിഡിൻ്റെ മറവിൽ അന്വേഷണം മരവിപ്പിച്ച് കേസ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിന് താമസമുണ്ടായാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ലഭിക്കും. ആദ്യഘട്ടത്തിൽ നല്ല രീതിൽ നടന്ന അന്വേഷണം സി.പി.എം നേതാക്കളിലേക്ക് നീങ്ങിയപ്പോഴാണ് വഴിമുട്ടിയത്. നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവാണ് പ്രളയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിനു വേണ്ടി കോടതിയിലും പൊലീസ് സ്റ്റേഷനിലുമെത്തുന്നത്. ഇയാൾക്ക് പാർട്ടി ഓഫീസിലും നേതാക്കൾക്കിടയിലും ബന്ധങ്ങളുണ്ട് എന്നും ഒളിവിലുള്ളവരും അറസ്റ്റിലായവരും യഥാർത്ഥ വിവരങ്ങൾ പറയാൻ തയ്യാറാകാത്തത് ഇയാളുടെ ഭീഷണി ഭയന്നാണെന്നും കോൺഗ്രസ് ജനപ്രതിനിധികൾ പറഞ്ഞു.
പ്രതിസന്ധി അവസരമായി കണ്ട് മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലേക്ക് ആളുകളെ കയറ്റി അയക്കാൻ ശ്രമിക്കുന്ന സർക്കാർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരുന്ന മലയാളികൾക്ക് പാസ് നൽകാൻ വിസമ്മതിക്കുകയാണ്. കൊവിഡ് രോഗികൾ ഇങ്ങോട്ട് വരരുതെന്ന് ആഗ്രഹിക്കുന്ന ചില സ്വാർത്ഥരെ മുതലെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പിടി തോമസ് എം.എൽ.എ ആരോപിച്ചു.