എറണാകുളം : അറസ്റ്റ് തടയാൻ പ്രതിയും അഭിഭാഷകനും ചേർന്ന് ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവുണ്ടാക്കി. ഇക്കാര്യം ചൂണ്ടി കാണിച്ച് സ്റ്റേറ്റ് അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി. നാരായണൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകി.
ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ ഹൈക്കോടതിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കി പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിൽ പ്രതിയായ പ്രശാന്ത് കുമാറിനെ അഭിഭാഷകൻ ഷാനു വ്യാജരേഖ ഹാജരാക്കി മോചിപ്പിക്കുകയായിരുന്നു.
നേരത്തെ പ്രതി പ്രശാന്ത് കുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് പി. ഗോപിനാഥ് സർക്കാരിന്റെ വിശദീകരണം തേടി ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയിരുന്നു.
Also Read: മുസ്‌ലിം ലീഗ് കോടതിവിധിയെ വെല്ലുവിളിക്കുന്നു: എം.എസ്.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍
ഹൈക്കോടതിയുടെ വെബ്സൈറ്റിൽ കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെട്ട പേജിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വെബ്സൈറ്റിലെ ഈ പേജിന്റെ പകർപ്പെടുത്ത് വിശദീകരണം തേടി കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയെന്ന ഭാഗത്ത് അതുവരെ പ്രതിക്കെതിരെ നടപടി പാടില്ലെന്നാക്കി സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
ഫെബ്രുവരി 12 ന് ഉച്ചയോടെ പ്രശാന്തിനെ പൊലീസ് പിടികൂടി. ഇതിന് തൊട്ടുപിന്നാലെ അഭിഭാഷകനായ ഷാനു സ്റ്റേഷനിലെത്തുകയും പ്രതിക്കെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി വിലക്കിയിട്ടുണ്ടെന്ന് അറിയിച്ച് വ്യാജരേഖയുടെ പകർപ്പ് നൽകുകയും ചെയ്‌തു. ഇതേതുടർന്ന് പ്രശാന്തിനെ പൊലീസ് മോചിപ്പിച്ചു. പിന്നീടാണ് പ്രതിക്കെതിരെയുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞത്.
തുടർന്ന് പ്രതി പ്രശാന്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് എന്ന പേരിൽ വ്യാജ രേഖ ചമച്ചതായി കണ്ടെത്തിയത്. ഇതേ തുടർന്നാണ് അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ ഹൈക്കോടതിക്ക് പരാതി നൽകിയത്.