എറണാകുളം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് നേരിട്ട് വിളിച്ച് വരുത്തിയാണ് രണ്ടാം ദിവസവും മൊഴിയെടുക്കുന്നത്. ഇന്നലെ 14 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്‌തതിനൊടുവിലാണ് സി.എം. രവീന്ദ്രനെ വിട്ടയച്ചത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് മൊഴിയെടുക്കുന്നത്. കള്ളപ്പണ ഇടപാടിൽ സി.എം. രവീന്ദ്രന് പങ്കുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇന്നലെ നൽകിയ മൊഴികളും രേഖകളും വിലയിരുത്തിയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ മൂന്ന് തവണ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും കൊവിഡ് ബാധയെ തുടർന്നും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നും സി.എം. രവീന്ദ്രൻ ഹാജരായിരുന്നില്ല.
ഇ.ഡി നൽകിയ നോട്ടീസിനെതിരെ സി.എം. രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രിൻസിപ്പൽസെക്രട്ടറി എം.ശിവശങ്കറിനും അദ്ദേഹത്തിന്‍റെ സംഘാംഗങ്ങൾക്കും പങ്കുണ്ടെന്ന് ഇ.ഡി. നേരത്തെ തന്നെ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെയും ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചത്.
സി.എം രവീന്ദ്രന് പങ്കുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ ഇ.ഡി. പരിശോധന നടത്തുകയും സി.എം രവീന്ദ്രന്‍റെയും ഭാര്യയുടെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ശേഖരിക്കുകയും ചെയ്‌തിരുന്നു. സി.എം. രവീന്ദ്രനെതിരെ പരമാവധി തെളിവുകൾ ശേഖരിച്ചാണ് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത്.