എറണാകുളം : ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ നവകേരള കർമ പദ്ധതി അവതരിപ്പിച്ച് സംസാരിക്കവെയാണ് പരാമർശം.ചില കാര്യങ്ങൾ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തുടരുന്നു. ഇത് ഇനിയും തുടർന്നാൽ അത് മറ്റ് മേഖലകളെ കൂടി ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കെതിരെ നിക്ഷേപകരിൽ നിന്നുതന്നെ ശക്തമായ എതിർപ്പുയരുകയും, ചില വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്‌ത സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സംസ്ഥാന സമ്മേളനത്തിലെ ആദ്യ ദിനത്തിൽ രണ്ട് മണിക്കൂറോളം സമയമെടുത്താണ് പിണറായി വിജയൻ നവകേരള കർമ പദ്ധതി അവതരിപ്പിച്ചത്.
സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപമെത്തിക്കുന്നതിന് കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റം അനിവാര്യമാണെന്നായിരുന്നു വികസന നയരേഖയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. സമ്മേളനത്തിന്‍റെ രണ്ടാം ദിനമായ ബുധനാഴ്‌ച പ്രവർത്തന റിപ്പോർട്ടിലും, വികസന നയരേഖയിലും വിശദമായ ചർച്ച നടത്തും.
ALSO READ: വിഭാഗീയതയുണ്ട്, തിരുത്തി മുന്നോട്ട് പോകും: സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്
തുടർന്ന് പ്രവർത്തനറിപ്പോർട്ടും, നയരേഖയും പ്രധിനിധികളുടെ അംഗീകാരത്തോടെ പാസാക്കും. പ്രവർത്തന റിപ്പോർട്ടിൽ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെയും മന്ത്രിമാർക്കെതിരെയും യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കാത്തതിന്‍റെ പേരിൽ വിമർശനമുണ്ട്. നേതാക്കൾക്ക് ചുറ്റും ആളെ കൂട്ടുന്ന പ്രവണത, എറണാകുളം ജില്ലാ സമ്മേളനത്തിൽ നിന്നും മുൻ ജില്ല കമ്മറ്റിയംഗം ഇറങ്ങിപ്പോയത് തുടങ്ങിയ സംഭവങ്ങളെയും പ്രവർത്തനറിപ്പോർട്ട് വിമർശിക്കുന്നു.
ആലപ്പുഴ ജില്ലയിലെ സംഘടനാപ്രവർത്തനങ്ങളിൽ ഉൾപ്പടെ തിരുത്തൽ നടപടി ആവശ്യപ്പെടുന്ന പ്രവർത്തന റിപ്പോർട്ടിലാണ് ഇന്ന് സുപ്രധാനമായ ചർച്ചകൾ നടക്കുക. എറണാകുളം മറൈൻ ഡ്രൈവിൽ തയ്യാറാക്കിയ ബി.രാഘവൻ നഗറിൽ ചൊവ്വാഴ്‌ച രാവിലെ മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയതോടെയാണ് നാല് ദിവസത്തെ സംസ്ഥാന സമ്മേളനം തുടങ്ങിയത്.
നാനൂറ് സമ്മേളന പ്രതിനിധികളും, നിരീക്ഷകരുമാണ് പങ്കെടുക്കുന്നത്. വെള്ളിയാഴ്‌ച വൈകുന്നേരം പൊതുസമ്മേളനത്തോടെയാണ് സമാപനം.