എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിലും പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ കേരളാ ഗവർണറെയും മണിപ്പൂര്‍ ഗവര്‍ണറെയും വിവിധ സംഘടനകള്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. കുസാറ്റിൽ വൈസ് ചാൻസിലർമാരുടെ യോഗത്തിനെത്തിയ ഗവർണര്‍ ആരിഫ് ഖാനെ യുഡിഎഫ് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു.
പ്രതിഷേധം മുന്നിൽക്കണ്ട് പൊലീസ് ഗവർണറെ പിറകിലെ ഗേറ്റിലൂടെ ക്യാമ്പസിനകത്തേക്ക് എത്തിച്ചു. കുസാറ്റ് മെയിൻ ഗേറ്റിൽ നടു റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഗവർണർ പിറകിലെ ഗേറ്റിലൂടെ അകത്തു കയറിയതോടെ അവശേഷിച്ച പ്രവർത്തകർ പിരിഞ്ഞുപോയി.
മണിപ്പൂര്‍ ഗവര്‍ണര്‍ നജ്‌മ ഹെബ്ദുള്ളക്ക് നേരെ ആലുവയില്‍ കരിങ്കൊടി പ്രതിഷേധം നടന്നു. ലക്ഷദ്വീപിലേക്ക് പോകാനെത്തിയതായിരുന്നു നജ്മ ഹെബ്ദുല്ല. ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരാണ് ഗവര്‍ണറുടെ വാഹനം തടഞ്ഞാണ് പ്രതിഷേധിച്ചത്. ആലുവ പാലസില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിബി സുനീറിന്‍റെ നേതൃത്വത്തിലുള്ളവര്‍ പ്രതിഷേധിക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുസാറ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. തങ്ങളുടെ കാമ്പസിനകത്ത് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം പൊലീസ് നിഷേധിക്കുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗവർണർ യോഗം നടക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് പ്രതിഷേധം എത്താതെ തടയാനാണ് പൊലീസ് ശ്രമിക്കുന്നത്.