എറണാകുളം: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ (സിയാല്‍) ബിസിനസ് ജെറ്റ് ടെർമിനൽ ശനിയാഴ്ച (ഡിസംബർ 10) വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേ എന്ന ആശയമാണ് ബിസിനസ് ജെറ്റ് ടെർമിനലിലൂടെ സിയാൽ സാക്ഷാത്കരിക്കുന്നത്. ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ് വേ പ്രവർത്തിക്കും.
നിലവിൽ സിയാലില്‍ രണ്ട് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ആഭ്യന്തര യാത്രയ്ക്ക് ടെർമിനൽ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെർമിനൽ മൂന്നും. രണ്ടാം ടെർമിനലിൽ ബിസിനസ് ജെറ്റ് ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറും. സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ആഭ്യന്തര, രാജ്യാന്തര ജെറ്റ് ഓപ്പറേഷനുകൾക്ക് സജ്ജമാണ്.
താരതമ്യേന കുറഞ്ഞചെലവിൽ ബിസിനസ് ജെറ്റ് യാത്ര ഒരുക്കുക എന്ന ആശയം ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുകയാണെന്ന് സിയാൽ മാനേജിങ് ഡയറക്‌ടർ എസ്.സുഹാസ് പറഞ്ഞു. സിയാലിന്‍റെ പുതിയ ബിസിനസ് ജെറ്റ് ടെർമിനൽ ഇന്ത്യയുടെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേയായിരിക്കും. വിനോദ സഞ്ചാരം, അന്താരാഷ്ട്ര ഉച്ചകോടികൾ, ബിസിനസ് കോൺഫറൻസുകൾ, ഉയർന്ന ആസ്‌തിയുള്ള വ്യക്തികളുടെ യാത്ര എന്നിവയുടെ സമന്വയമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജി-20 പോലുള്ള അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് വേദിയാകാൻ കൊച്ചിയെ പ്രാപ്‌തമാക്കുകയാണ് ഇതുവഴി സിയാലിന്‍റെ ലക്ഷ്യം. 40,000 ചതുരശ്രയടി വിസ്‌തീർണമുള്ള രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്.