എറണാകുളം: ക്രിസ്‌മസ് വിപണിയിൽ ക്രമക്കേടുകളും നിയമലംഘനങ്ങളും തടയുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 4, 39,000 രൂപ പിഴ ഈടാക്കിയതായി മധ്യമേഖലാ ഡെപ്യൂട്ടി കൺട്രോളർ. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകൾ അടങ്ങിയ മധ്യമേഖലയിലാണ് ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. ഇവിടെയുള്ള ക്രിസ്മസ് ചന്തകൾ, പഴം-പച്ചക്കറിക്കടകൾ, റേഷൻ കടകൾ, മാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങി 731 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 190 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും മധ്യമേഖലാ ഡപ്യൂട്ടി കൺട്രോളർ ജെ.സി. ജീസൺ അറിയിച്ചു.
അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര വെക്കാതെ ഉപയോഗിച്ചതിനും ലൈസൻസ് പ്രദർശിപ്പിക്കാത്തതിനുമായി 97 കേസുകളെടുത്തിട്ടുണ്ട്. ഇതിൽ 51 കേസുകളിലായി 1,20,000 രൂപ പിഴ ഈടാക്കി. നിയമവിരുദ്ധമായ പാക്കറ്റുകളിൽ ക്രിസ്മസ് കേക്കുകളും മറ്റും വിൽപന നടത്തിയതിന് 43 കേസുകളെടുത്തിട്ടുണ്ട്. ഇതിൽ 22 കേസുകളിൽ നിന്ന് 1,62,000 രൂപ പിഴ ഈടാക്കി. 21 കേസുകളിൽ തുടർ നടപടികളെടുത്തു വരുന്നു. അളവിൽ വെട്ടിപ്പു നടത്തിയതിനും അമിത വില ഈടാക്കിയതിനും വില തിരുത്തിയതിനുമായി എട്ട് കേസുകൾ രജിസ്റ്റര്‍ ചെയ്തു. മറ്റ് 42 നിയമ ലംഘനങ്ങളിൽ നിന്ന് 1,27,000 രൂപയും പിഴ ഈടാക്കി. ഇതിൽ 23 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്.