എറണാകുളം : കൊച്ചിയിൽ രണ്ടര വയസുകാരിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചതിനാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് നടപടി.
ഞായറാഴ്‌ച രാത്രിയാണ് അപസ്‌മാരത്തെ തുടർന്ന്, തൃക്കാക്കരയിൽ താമസിക്കുന്ന രണ്ടര വയസുകാരിയെ അമ്മയും അമ്മൂമ്മയും ചേർന്ന് പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് കണ്ടെത്തി.
ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് ശരീരമാസകലം ഗുരുതര പരിക്കുകൾ ഉള്ളതായും തലയോട്ടിയിൽ പൊട്ടൽ ഉള്ളതായും കണ്ടത്തി.
ഇതേതുടർന്ന് കുട്ടിയെ ഐസിയുവിലേക്കും പിന്നീട് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പുതിയതും പഴയതുമായ മുറിവുകൾ ഉണ്ടായിരുന്നു. കുട്ടിക്ക് സ്വന്തമായി ശരീരത്തില്‍ മുറിവുണ്ടാക്കുന്ന സ്വഭാവമുണ്ടെന്നാണ് ഡോക്‌ടറോട് പറഞ്ഞത്.
അമ്മയുടെ വിശദീകരണം വിശ്വാസ യോഗ്യമല്ലാത്തതിനാലാണ് വിവരം പൊലീസിൽ അറിയിച്ചത്.