എറണാകുളം : ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബിഹാർ സ്വദേശി അസ്‌ഫാക് ആലമാണ് നാടിനെ നടുക്കിയ ക്രൂരമായ കുറ്റകൃത്യത്തിലെ ഏക പ്രതി. എറണാകുളം അഡീഷണൽ ഡിസ്ട്രിക്‌ട് സെഷൻസ് കോർട്ടിലാണ് (Atrocity against women and children) അന്വേഷണ സംഘത്തലവനായ ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ കുറ്റപത്രം സമർപ്പിച്ചത് (Charge Sheet Submitted On Aluva Murder) .
ശക്തമായ സാഹചര്യ തെളിവുകളുടെയും, സൈന്‍റിഫിക്, സൈബർ ഫൊറൻസിക് തെളിവുകളുടെയും, ഡോക്‌ടർമാരുടെ റിപ്പോർട്ടിന്‍റെയും, മെഡിക്കൽ രേഖകളുടെയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെ വസ്‌തുക്കളും, നിർണായക രേഖകളും കുറ്റപത്രത്തോടൊപ്പം (Evidence of aluva murder) സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ ബിഹാറിലും, ഡൽഹിയിലും പോയി പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
35 ദിവസത്തിനുള്ളിൽ കുറ്റപത്രം : പോക്സോ(POCSO case) കേസിൽ തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചാൽ മതി. എന്നാല്‍ അതീവ ഗൗരവമേറിയ ഈ കേസിൽ 35 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ സുപ്രധാനമായ ഈ കേസിൽ, ഡിഎൻഎ(DNA) പരിശോധന ഫലങ്ങൾ ഉൾപ്പടെ ലഭിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുളള പ്രതിക്ക് പരമാവധി ശിക്ഷ തന്നെയുറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്.
പ്രതി അസ്‌ഫാക്കിന്‍റെ തിരിച്ചറിയൽ പരേഡിൽ മൂന്ന് സാക്ഷികൾ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. പ്രതി കുട്ടിയുമായി മാർക്കറ്റിലൂടെ നടന്നുപോവുന്നത് കാണുകയും എവിടേക്ക് പോകുന്നുവെന്ന് അന്വേഷിക്കുകയും ചെയ്‌ത തൊഴിലാളി താജുദ്ദീന്‍, പ്രതി കുട്ടിയോടൊപ്പം യാത്ര ചെയ്‌ത ബസിലെ കണ്ടക്‌ടര്‍, സഹയാത്രിക എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളും, നാട്ടുകാരും കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അസ്‌ഫാക്ക് ആലം ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ: ജൂലൈ ഇരുപത്തിയെട്ട് വെള്ളിയാഴ്‌ച വൈകുന്നേരമായിരുന്നു ആലുവ തായിക്കാട്ടുകരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, അസ്‌ഫാക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മദ്യലഹരിയിൽ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ജൂലൈ 29 ശനിയാഴ്‌ച രാവിലെയോടെയാണ് പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയ്യാറായത്. ആദ്യഘട്ടത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി മൊഴി നൽകിയിരുന്നു. ഇതിനിടെ കുട്ടിയുമായി പ്രതി ആലുവ മാർക്കറ്റിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചു.
ഇതോടെയാണ് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തി മാർക്കറ്റിലെ ആളൊഴിഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന പറമ്പിന്‍റെ മൂലയിൽ ഉപേക്ഷിച്ചതായി സമ്മതിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായും കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നും വ്യക്തമായിരുന്നു.
2018ൽ ഡൽഹിയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഗാസിപൂർ പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഒരു മാസം ഡൽഹി ജയിലിൽ കഴിയുകയും ജാമ്യത്തിലിറങ്ങി മുങ്ങുകയുമായിരുന്നു. പ്രതിയുടെ വിരലടയാളം നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്‌ക്ക് (എൻസിആർബി) കൈമാറി നടത്തിയ പരിശോധനയിലാണ് ക്രിമിനൽ പശ്ചാത്തലം തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് ബിഹാറിലും ഡൽഹിയിലും കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു.