എറണാകുളം: കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട ചന്ദ്രിക പണമിടപാട് കേസിൽ പത്രത്തിന്‍റെ ഫിനാന്‍സ് ഡയറക്‌ടര്‍ പി.എ. ഷമീറും ഇഡിക്ക് മുമ്പിൽ ഹാജരായില്ല. കൊച്ചിയിലെ ഓഫീസിൽ വെള്ളിയാഴ്‌ച ഹാജരാകാനായിരുന്നു ഇഡി നോട്ടീസ് നൽകിയത്.
ഇതേ കേസിൽ ഹൈദരലി ശിഹാബ് തങ്ങൾക്കും ഷമീറിനുമായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയത്. ആരോഗ്യ കാരണങ്ങളെ തുടർന്ന് ഹാജരാവില്ലെന്ന് തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.
READ MORE: മുഈനലി തൊടുത്തപ്പോൾ ഒന്ന്, ലീഗിന് കൊണ്ടപ്പോൾ ആയിരം... പ്രതിരോധിക്കാനാകാതെ നേതൃത്വം
നോട്ട് നിരോധന കാലയളവിൽ കൊച്ചിയിലെ രണ്ട് ബാങ്കുകൾ വഴി അഞ്ചു കോടി വീതം പത്തു കോടി രൂപ ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ടിൽ എത്തിയിരുന്നു. ഇത് പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണമാണെന്ന വിമർശനവുമുയർന്നിരുന്നു. കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിൽ ഹൈക്കോടതി ഈ കേസ് ഇഡി അന്വേഷിക്കാൻ നിർദേശിച്ചു. തുടർന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം തുടങ്ങിയത്.
ചന്ദ്രിക ദിനപത്രത്തിന്‍റെ പബ്ലിക്കേഷൻ സ്ഥാപനത്തിന്‍റെ എം.ഡി എന്ന നിലയിലാണ് നേരത്തെ ഹൈദരലി ശിഹാബ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്‍റെ തുടർച്ചയായാണ് വീണ്ടും ഹാജരാകാൻ ഇഡി തങ്ങൾക്ക് നോട്ടീസ് നൽകിയത്.