എറണാകുളം: കേന്ദ്ര സർക്കാരിന്‍റെ വാക്‌സിൻ നയത്തിനെതിരെ കേരളം ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. ന്യായവിലയ്ക്ക് വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര വാക്സിൻ നയം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഒരു കോടി വാക്‌സിനാണ് സംസ്ഥാന സർക്കാർ ഓർഡർ നൽകിയിട്ടുള്ളത്.
സംസ്ഥാനത്തിന്‍റെ ആവശ്യത്തിനനുസരിച്ച് വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. കേന്ദ്രത്തിന്‍റെ വാക്സിൻ നയം കാരണം രാജ്യത്ത് വാക്സിനുകൾക്ക് വിവിധ വിലകളാണുള്ളത്. ഇതിലൂടെ കേന്ദ്രം വാക്സിൻ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തി. സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വിലയ്ക്ക് വാക്‌സിൻ വാങ്ങാൻ കഴിയില്ലെന്നും സംസ്ഥാനം വ്യക്തമാക്കി.
സർക്കാരിന് എന്തുകൊണ്ടാണ് വാക്‌സിൻ കിട്ടാത്തതെന്ന് കോടതി ചോദിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്ക് വാക്‌സിൻ നിർമിക്കാൻ അനുമതി നൽകിയിട്ടും എന്തുകൊണ്ടാണ് വാക്‌സിൻ ലഭ്യതക്കുറവ് അനുഭവപ്പെടുന്നത്. സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ ലഭിക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു. സർക്കാരിന് നൽകാതെ സ്വകാര്യ ആശുപത്രികൾക്ക് നൽകുകയാണോ എന്ന് കോടതി ചോദിച്ചു. സ്വകാര്യ ആശുപത്രികളെക്കാൾ മുൻഗണന സംസ്ഥാന സർക്കാരിന് നൽകാൻ കഴിയില്ലേയെന്ന് പരിശോധിച്ച് അറിയിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ഹർജി അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി.
Read more: കേന്ദ്രത്തിന്‍റെ വാക്സിൻ നയത്തിനെതിരെയുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍