എറണാകുളം: അടിയന്തരഘട്ടങ്ങളിൽ വിമാനയാത്ര നിരക്ക് വർധനയുണ്ടായാൽ മൂകസാക്ഷിയാകാറില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. അടിയന്തര സ്വഭാവമുള്ള പ്രകൃതി ദുരന്തം പോലെയുള്ള സമയങ്ങളിൽ കേന്ദ്രം ഇടപെടുന്നുണ്ട്. എന്നാൽ സാധാരണ നിലയിൽ വിമാനക്കൂലി നിശ്ചയിക്കുന്നതിൽ സർക്കാർ ഇടപെടാറില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഓരോ എയർലൈൻ കമ്പനികൾക്കും പ്രവർത്തന ചെലവ് കണക്കാക്കി താരിഫ് നിശ്ചയിക്കാൻ അധികാരമുണ്ട്. സേവനങ്ങളുടെ സ്വഭാവവും പ്രവർത്തന ചെലവും കണക്കിലെടുത്താണ് താരിഫ് നിശ്ചയിക്കുന്നത്. എയർലൈനുകളുടെ നിയമവിരുദ്ധ നടപടികൾ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ കൃത്യമായി പരിശോധിക്കുമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
രാജ്യാന്തരതലത്തിൽ മാർക്കറ്റിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് വിമാന ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നത്. മൂന്ന് മാസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. അവസാന നിമിഷം ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴാണ് നിരക്ക് കൂടുന്നതെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. അതേസമയം വിമാന ടിക്കറ്റ് നിരക്ക് വർധനയ്‌ക്കെതിരായ ഹർജിയിലാണ് കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലം. കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സാവകാശം വേണമെന്ന് ഹർജിക്കാരും സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി ഹൈക്കോടതി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
Also Read: പ്രവാസികള്‍ക്ക് ആശ്വാസം അകലെ; വിമാന നിരക്ക് വര്‍ധനവില്‍ ഇടപെടണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചു