എറണാകുളം: പാമ്പാടി നെഹ്റു കോളജ് വിദ്യാർത്ഥി ജിഷ്‌ണു പ്രണോയി ആത്മഹത്യ ചെയ്‌തതാണെന്ന് സിബിഐ. ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്ന നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്‌ണദാസിനെതിരെ തെളിവില്ലെന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു. രണ്ടുപേർക്കെതിരെ മാത്രമാണ് സിബിഐ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്. ജിഷ്‌ണു കോപ്പിയടിച്ചെന്ന് നിർബന്ധപൂർവ്വം എഴുതി വാങ്ങിച്ച വൈസ് പ്രിൻസിപ്പൽ എൻ ശക്തിവേൽ, പരീക്ഷ കൺട്രോളർ സി പി പ്രവീൺ എന്നിവർക്കെതിരെ കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്‌ണദാസിനെതിരെ തെളിവില്ലന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്. ജിഷ്‌ണുവിന്‍റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമ്മ മഹിജ ഉൾപ്പെടെയുള്ള ബന്ധുക്കൾ നിരാഹാര സമരം നടത്തിയിരുന്നു.
കോപ്പിയടി ആരോപണത്തെ തുടർന്നാണ് ജിഷ്‌ണു ആത്മഹത്യ ചെയ്തത് എന്നാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. 2017 ജനുവരി ആറിനാണ് കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ ജിഷ്‌ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിഷ്‌ണു ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ കോളജിലെ ഇടി മുറിയും അവിടെ കണ്ടെത്തിയ ചോരപ്പാടുകൾ കൂടുതൽ സംശയങ്ങൾ ഉണ്ടാക്കി. മഹിജ ഉൾപ്പെടെയുള്ളവരുടെ നിരന്തര പ്രതിഷേധത്തെ തുടർന്നാണ് സുപ്രീംകോടതി കേസ് സിബിഐക്ക് കൈമാറിയത്.