എറണാകുളം: പാലാരിവട്ടം സ്റ്റേഷൻ ഉപരോധിച്ച എംഎൽഎ മാർക്കെതിരെയും എംപിക്കെതിരെയും കേസെടുത്ത് പൊലീസ്(Police Registered Case Against Congress Leaders). മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ചാരുന്നു ഇന്നലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
സമരത്തിൽ പങ്കെടുത്ത ഹൈബി ഈഡൻ എം.പി, എം എൽ എ മാരായ ടി.ജെ വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവർ ഉൾപ്പടെ കണ്ടാലറിയാകുന്നവർക്കെതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. കലാപാഹ്വാനത്തിനാണ് കേസ് റജിസ്റ്റർ ചെയ്തത് . ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. പ്രതിഷേധിച്ച പ്രവർത്തകർ പിരിഞ്ഞു പോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതേ തുടർന്നായിരുന്നു പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ഇത് സംഘർഷത്തിനിടയാക്കുകയും ചെയ്‌തു.
സമാധാനപരമായി കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടക്കാനുള്ള നീക്കം അനുവദിക്കില്ലന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ജാമ്യം നൽകാനുള്ള നടപടികൾ പുരോഗമിക്കവെ സി പി എം നേതാക്കളുടെ നിർദേശപ്രകാരമാണ് പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചതെന്നും ഇതിനായി പ്രാദേശിക സി പി എം നേതാക്കൾ സ്റ്റേഷനിലെത്തി സമ്മർദം ചെലുത്തിയെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ജാമ്യം നൽകാമെന്ന് അറിയിച്ചതനുസരിച്ച് ജാമ്യക്കാരുമായി എത്തിയപ്പോഴാണ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും സി പി എമ്മിൻ്റെയും താൽപ്പര്യ പ്രകാരം പൊലീസ് ജാമ്യം നിഷേധിക്കാൻ ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാത്രി വൈകിയും കോൺഗ്രസ് പ്രതിഷേധം തുടർന്നതോടെയാണ് പുലർച്ചെ അറസ്റ്റിലായ പ്രവർത്തകരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
തുടർന്ന് ഇവർക്ക് ജാമ്യം ലഭിച്ചതോടെയാണ് കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിച്ചത്. മൂന്ന് എം എൽ മാരും എം.പിയും പ്രതിഷേധത്തിൽ ആദ്യാവസാനം പങ്കെടുക്കുകയും, പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെ മധുരം നൽകിയായിരുന്നു മടങ്ങിയത്.