കൊച്ചി: ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. അലക്സിയൻ ബ്രദേഴ്സ് ഭൂമിയിടപാടിലാണ് വീണ്ടും കോടതി കേസെടുത്തത്. 2016 ൽ സീറോ മലബാർ സഭയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി അലക്സിയൻ ബ്രദേഴ്സ് നൽകിയ ഒരേക്കർ ഭൂമി 16 ആധാരമാക്കി വിവിധ വ്യക്തികൾക്ക് വിറ്റ കേസിലാണ് സഭയ്ക്ക് നഷ്ടമുണ്ടായതായി കണ്ടെത്തിയത്. 30 സെന്‍റ് ഭൂമി മറിച്ചുവിറ്റ് ആധാരത്തിൽ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ കാണിക്കുകയും എന്നാൽ പകുതി തുക അക്കൗണ്ടിൽ എത്തിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരുന്ന ജോർജ് ആലഞ്ചേരി, ജോഷി പുതുവ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. അടുത്ത മാസം മൂന്നിന് ഇരുവരോടും ഹാജരാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ആകെ അഞ്ച് കേസുകളായിരുന്നു കാക്കനാട് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എടുത്തിരുന്നത്.
കേസിൽ നേരത്തെ ബെന്നി മാലാപറമ്പിൽ അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സീറോ മലബാർ സഭയുടെ മറ്റ് ഭൂമിയിടപാട് കേസുകളിലും മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസ് നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് അലക്സിയൻ ബ്രദേഴ്സ് ഭൂമിയിടപാടിൽ സഭയ്ക്ക് 50 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.