എറണാകുളം : എസ്ഐ ആനി ശിവയെ അധിക്ഷേപിച്ചതിന് അഭിഭാഷക സംഗീത ലക്ഷ്‌മണയ്‌ക്കെതിരെ കേസ്. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ ആനി ശിവയെ അധിക്ഷേപിച്ചെന്ന പരാതിയെ തുടർന്ന് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.
പ്രതിസന്ധികൾക്കൊടുവിൽ വനിത എസ്ഐ ആയി ആനി പൊരുതി നേടിയ ജീവിതവിജയം സമൂഹമാധ്യങ്ങളിൽ ഉൾപ്പടെ സജീവ ചർച്ചയായിരുന്നു.
ഇതിനെതിരെയാണ് അഭിഭാഷകയായ സംഗീത രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. അശ്ലീല,അധിക്ഷേപ പരാമർശങ്ങൾ വരെ അവർ ആനി ശിവയ്‌ക്കെതിരെ നടത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചതിനെതിരെയാണ് സംഗീത ലക്ഷ്‌മണയ്‌ക്കെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.
കയ്യിലിരിപ്പ് കൊണ്ട് സ്വന്തം ജീവിതം നശിപ്പിച്ചവള്‍ മറ്റുള്ളവരുടെ സംരക്ഷണ ചുമതല എങ്ങനെ ഏറ്റെടുക്കും എന്ന പരിഹാസത്തോടെയായിരുന്നു പോസ്റ്റ്.
ഇത് ആനി ശിവയുടെയും പൊതുവിൽ സ്ത്രീകളുടെ അഭിമാനത്തെയും ക്ഷതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശി ചെഷയർ ടാർസൻ ഉൾപ്പടെ നിരവധി പേർ പൊലീസിൽ പരാതി നല്‍കിയത്.
ആനി ശിവയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഗീത ലക്ഷ്‌മണയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പടെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.