എറണാകുളം : എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസിൽ പ്രതിയായ സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായില്ല. നേരിട്ട് ഹാജരാകാൻ സാവകാശം വേണമെന്ന കർദിനാളിന്‍റെ ആവശ്യം കാക്കനാട് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. ഇതേ തുടര്‍ന്ന് ഭൂമി ഇടപാട് കേസ് പരിഗണിക്കുന്നത് ജനുവരി 18 ലേക്ക് മാറ്റിവച്ചു.
ജനുവരി 18ന് കർദിനാൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഭൂമി ഇടപാട് കേസിൽ കർദിനാൾ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ കർദിനാൾ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും കേസ് റദ്ദാക്കണമെന്നും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഹൈക്കോടതി കർദിനാളിന്‍റെ ആവശ്യം തള്ളി. ഇതിനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു. ചൊവ്വാഴ്‌ച കേസ് പരിഗണിച്ച വേളയിൽ, നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകണമെന്ന ആവശ്യം കർദിനാൾ ഉന്നയിച്ചെങ്കിലും വിഷയത്തിൽ ഇടപെടാൻ കോടതി തയ്യാറായില്ല.
ഇതോടെയാണ് സഭാതലവൻ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് സാവകാശം തേടിയത്. ഭൂമി ഇടപാട് കേസിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാകാൻ നടത്തിയ നിയമ പോരാട്ടങ്ങൾ വിഫലമായതോടെയാണ് കർദിനാൾ നേരിട്ടെത്താന്‍ നിർബന്ധിതനാകുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് ചോദ്യം ചെയ്‌ത് എറണാകുളം സ്വദേശി ജോഷി വർഗീസ് നൽകിയ ഹർജിയിലാണ് കർദിനാളിനെതിരെ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇതേ തുടർന്നാണ് അന്വേഷണം നടത്തി കർദിനാളിനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.