എറണാകുളം : വർക്ക് ഷോപ്പിന്‍റെ മറവിൽ ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്‌ത യുവാവ് പൊലീസ് പിടിയിൽ (cannabis plants in grow bags). നോർത്ത് പറവൂർ കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പറവൂർ പൊലീസ് പിടികൂടിയത് (Young man Arrested with Ganja plants in work shop). ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയുടെ (Operation Clean Ernakulam Rural Project) ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗ്രോ ബാഗിൽ പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
വഴിക്കുളങ്ങരയിൽ ഒരു ഓട്ടോ വർക്ക് ഷോപ്പ് വാടകയ്‌ക്കെടുത്ത് നടത്തുകയായിരുന്നു പ്രതി സുധീഷ്. വർക്ക് ഷോപ്പിന്‍റെ വളപ്പിലെ ആളൊഴിഞ്ഞ ഭാഗത്താണ് ഇയാൾ ഗ്രോ ബാഗുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ നട്ട ഒരെണ്ണവുമാണ് പൊലീസ് പിടികൂടിയത്. രണ്ട് മാസം മുമ്പാണ് ഈ കഞ്ചാവ് ചെടികളുടെ വിത്ത് ഇവിടെ താൻ പാകിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പതിനെട്ടു സെന്‍റീമീറ്റർ നീളം വരും പിടിച്ചടുത്ത കഞ്ചാവ് തൈകൾക്ക്.
ഇത്രയും കഞ്ചാവ് ചെടികൾ പിടികൂടുന്നത് ആദ്യമായാണ്. അഞ്ചുവർഷമായി ഇയാൾ ഇവിടെ വർക്ക് ഷോപ്പ് നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. ഡി വൈ എസ് പി എം കെ മുരളി, ഇൻസ്പെക്‌ടർ ഷോജോ വർഗീസ് സബ് ഇൻസ്പെക്‌ടർമാരായ സി ആർ ബിജു, പ്രശാന്ത് പി നായർ, സെൽവരാജ്, എം എം മനോജ്, കെ കെ അജീഷ്, സീനിയർ സിപിഒമാരായ ഷെറിൻ ആന്‍റണി, കെ എസ് ജോസഫ് സിപിഒ ടി ജെ അനീഷ്, കെ കെ കൃഷ്‌ണ ലാൽ, കെ ടി മൃദുൽ, മധു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.