എറണാകുളം: മൂവാറ്റുപുഴ പണ്ടപ്പിള്ളിയിൽ കനാൽ ഇടിഞ്ഞ് വീണു. ജലസേചന പദ്ധതിയുടെ ഭാഗമായ കനാല്‍ 15 അടിയാണ് ഇടിഞ്ഞ് താഴ്‌ന്നത്. ആളപായമില്ല.
ഒരു വാഹനം കടന്ന് പോയതിന് തൊട്ട് പിന്നാലെയാണ് കനാല്‍ ഇടിഞ്ഞ് വീണത്. കാര്‍ കടന്ന് പോയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഞായറാഴ്‌ച വൈകുന്നേരം 5:40നായിരുന്നു സംഭവം.
മൂവാറ്റുപുഴ പണ്ടപ്പിള്ളി റോഡിൽ പണ്ടപ്പിള്ളിക്ക് അമ്പത് മീറ്റർ ദൂരത്തായിരുന്നു അപകടം. ഉരുൾ പൊട്ടലിന് സമാനമായ രീതിയിലായിരുന്നു റോഡിലേക്ക് വെള്ളവും ചെളിയും കുതിച്ചെത്തിയത്. ഇതോടെ മൂവാറ്റുപുഴ പണ്ടപ്പിള്ളി റോഡിൽ ഗതാഗതം തടസപ്പെട്ടു.
റോഡിന് എതിർവശത്തുള്ള വീട്ടുമുറ്റത്തേക്കും വെളളം ഒഴുകിയെത്തി. അപകട സമയത്ത് കനാലിൽ നിറയെ വെള്ളമുണ്ടായിരുന്നു. കൃഷി ആവശ്യങ്ങൾക്കായി ഇടവേളയ്ക്ക് ശേഷം ഇന്നലെ കനാൽ വഴി തുറന്ന് വിട്ടിരുന്നു.
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമകരമായ പ്രവർത്തനത്തെ തുടർന്നാണ് ഇതു വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. സമാനമായ അപകടം വർഷങ്ങൾക്ക് മുമ്പ് ഇവിടെ സംഭവിച്ചതായാണ് നാട്ടുകാർ നൽകുന്ന വിവരം.
നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.