എറണാകുളം : കാലികറ്റ് സർവകലാശാലാ സെനറ്റിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്‌ത 8 അംഗങ്ങൾക്കുള്ള ഇടക്കാല പൊലീസ് സംരക്ഷണം ഹൈക്കോടതി നീട്ടി.(Calicut university senate) മൂന്നാഴ്ച്ചത്തേക്കാണ് ഇടക്കാല പൊലീസ് സംരക്ഷണ കാലാവധി നീട്ടിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പത്മശ്രീ ബാലൻ പൂതേരി അടക്കമുള്ളവർ നൽകിയ ഹർജി രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിഗണിക്കും. ബാലൻ പൂതേരി നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എതിർകക്ഷികൾ സാവകാശം തേടിയിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണ്ണർ നാമനിർദേശം ചെയ്‌ത ബാലൻ പൂതേരി ഉൾപ്പെടെയുള്ള എട്ട് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു ( 8 Nominated members of Calicut university senate). ഈ ഇടക്കാല ഉത്തരവാണ് അവധിക്കാല ബഞ്ച് മൂന്നാഴ്ച്ചത്തേക്ക് കൂടി നീട്ടിയത്. എതിർ കക്ഷികൾ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടിയതിന്‍റെ അടിസ്ഥാനത്തിൽ ഹർജി രണ്ടാഴ്‌ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി. ഹർജിക്കാരുടെ ജീവന് ഭീഷണിയുണ്ടാകാതെ നോക്കണം ,ക്രമസമാധാനം നിലനിർത്തണമെന്നുമായിരുന്നു കോടതിയുടെ ഇടക്കാലഉത്തരവിൽ പറഞ്ഞത് .
നേരത്തെ സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ ഹർജിക്കാരെ എസ്.എഫ്.ഐ ക്കാർ തടഞ്ഞിരുന്നു. എതിർ കക്ഷികളായ എസ്.എഫ്.ഐ നേതാക്കൾ ഹർജിക്കാരുടെ വീടറിയാമെന്നും ,അവിടേക്കെത്തുമെന്ന തരത്തിൽ ഭീഷണി മുഴക്കിയതായും ഹർജിയിൽ ഉന്നയിച്ചിരുന്നു. സർവകലാശാല അധികൃതരും പൊലീസും മൂക സാക്ഷികളായി നിലകൊണ്ടുവെന്നും സെനറ്റംഗങ്ങൾ കോടതിയെ അറിയിച്ചlട്ടുണ്ട്.
കാലികറ്റ് സർവകലാശാലയിൽ ഗവർണറുടെ നോമിനികൾക്ക് പൊലീസ് സംരക്ഷണം നൽകിയുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വലിയ പ്രധിഷേധ പ്രകടനമായിരുന്നു എസ് എഫ് ഐ നടത്തിയത്.