എറണാകുളം : കേരള ഹൈക്കോടതി ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് മേൽനോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി കെ.എസ്. സുദർശൻ ആണ്.
എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്‌ടീവ് ഇൻസ്പെക്‌ടർമാരായ എ എസ് ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ് ഐ മാരായ കലേഷ് കുമാർ, ജോഷി സി എബ്രഹാം, ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റിലെ ഗ്രേഡ് എസ് ഐമാരായ എസ് അമൃതരാജ്, ജയ്മോൻ പീറ്റർ എന്നിവരാണ് പ്രത്യേക സംഘത്തിൽ ഉള്ളത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 420 എന്നിവ പ്രകാരമാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.
അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
ജഡ്‌ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഹൈക്കോടതി വിജിലൻസ് വിഭാഗം ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരുന്നു.