എറണാകുളം : ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ അന്തരീക്ഷ മലിനീകരണം സൃഷ്‌ടിച്ച ആശങ്ക ഒഴിയുന്നില്ല. ബുധനാഴ്ച രാത്രി കൊച്ചിയിൽ പെയ്‌തത് അമ്ലമഴയെന്ന് അഭിപ്രായപ്പെട്ട് വിദഗ്‌ധര്‍ രംഗത്തെത്തി. നഗരത്തിൽ ഉൾപ്പടെ പെയ്‌ത മഴ വെള്ളത്തിൽ വെളള പത കണ്ടത് ആസിഡിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്നുവെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്. ശാസ്‌ത്ര ഗവേഷകനായ ഡോ. രാജഗോപാൽ കമ്മത്ത് കൂടുതൽ തെളിവുകളുമായി രംഗത്ത് വന്നിരുന്നു.
രാജഗോപാൽ കമ്മത്തിന്‍റെ നിരീക്ഷണങ്ങൾ : ബുധനാഴ്‌ച രാത്രി കൊച്ചിയിൽ പെയ്‌ത ആദ്യ വേനൽ മഴത്തുള്ളികളിൽ ആസിഡ് സാന്നിധ്യം ഉണ്ടെന്നാണ് രാജഗോപാൽ കമ്മത്തിന്‍റെ വാദം. ആസിഡ് സാന്നിധ്യം തെളിയിച്ചത് ലിറ്റ്മസ് ടെസ്‌റ്റിലൂടെയാണെന്ന് വ്യക്തമാക്കുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടിരുന്നു. വേനൽ മഴ ഏത് നിമിഷവും പെയ്യാൻ സാധ്യതയുണ്ട്. അമ്ല മഴ (ആസിഡ് മഴ) ആയിരിക്കും കൊച്ചിയിലും അടുത്തുള്ള ജില്ലകളിലും പെയ്യുകയെന്ന് രണ്ട് ദിവസം മുമ്പ് ഡോ. രാജഗോപാൽ കമ്മത്ത് വ്യക്തമാക്കിയിരുന്നു.
അന്തരീക്ഷത്തിലെ സൾഫർ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകൾ തുടങ്ങിയവയുടെ സാന്നിധ്യമാണ് നേർത്ത സൾഫ്യൂരിക് അമ്ലം, നൈട്രിക് അമ്ലം എന്നിവയടങ്ങിയ മഴയ്ക്ക് കാരണമാകുന്നത്. വ്യവസായശാലകള്‍ പുറന്തള്ളുന്ന രാസ സംയുക്തങ്ങളും, ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് അന്തരീക്ഷത്തിൽ വ്യാപിച്ച രാസവസ്‌തുക്കളും പ്രതിപ്രവർത്തിച്ച് അമ്ലമായി മാറി കൊച്ചിയിൽ പെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന് കാരണമാകും. ശുദ്ധജല സ്രോതസ്സുകള്‍ക്കും, സസ്യങ്ങൾക്കും, മത്സ്യസമ്പത്തിനും കൃഷിയ്ക്കും ഇത് ഹാനികരമാകും. ഈ മഴ നനയാൻ പാടില്ല എന്നുമാണ് ഡോ. രാജഗോപാൽ കമ്മത്തിന്‍റെ അഭിപ്രായം.
എന്താണ് അമ്ലമഴ : കൊച്ചിയിൽ അമ്ലമഴ പെയ്‌തുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ ആശങ്കകൾ ഉയർന്നതോടെ എന്താണ് അമ്ലമഴയെന്നതിന് ശാസ്ത്രീയമായ വിശദീകരണവും രാജഗോപാൽ കമ്മത്ത് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിശദീകരണം ഇങ്ങനെ, ആസിഡ് മഴയെന്നാൽ മഴവെള്ളത്തിൽ ആസിഡിന്‍റെ അംശമുള്ളത് എന്നാണ് അർഥം. അമ്ലമഴയെന്നാൽ പൂർണമായും ആസിഡല്ല മഴയായി പെയ്യുന്നത്. ഈ യാഥാർഥ്യം മനസിലാക്കണം. അമ്ലമഴയെ വളരെയധികം ഭയപ്പെടേണ്ടതില്ല. ശാസ്ത്രത്തിലെ കണ്ടെത്തലുകൾ മനസിലാക്കുക എന്നതാണ് പ്രധാനം. അന്തരീക്ഷ മാലിന്യമാണ് ഇതിന് കാരണം.
ലോകത്തിന്‍റെ വിവിധയിടങ്ങളിൽ ആസിഡ് മഴ പെയ്യുന്നുണ്ട്. അതിന്നും ഹാനികരമായ നിലയിലല്ല. ഇത്തരം പ്രതിഭാസങ്ങൾ മനസിലാക്കുകയും, ഇത്തരം പാരിസ്ഥിതിക പ്രതിസന്ധികൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്. നേർത്ത അളവിൽ അമ്ല സാന്നിധ്യം നമ്മൾ കഴിക്കുന്ന ഭക്ഷ്യവസ്‌തുക്കളിലുമുണ്ട്. അതിനാൽ വലിയ തോതിൽ ആശങ്കപ്പെടാനില്ല.
മഴവെള്ളം അസിഡിക് ആണ്. അതിന്‍റെ പി എച്ച് മൂല്യം 5-5.6 ആണ്. ഇന്ന് പെയ്‌ത മഴയുടേത് 4.5 ആകാനിടയുണ്ട്. ആ വ്യത്യാസമാണ് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുകയെന്നതാണ് ലക്ഷ്യമെന്നും ഡോ. രാജഗോപാൽ കമ്മത്ത് വ്യക്തമാക്കി. വരും ദിവസങ്ങളിൽ ശാസ്ത്ര ലോകവും ജനങ്ങളും അമ്ലമഴയെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല എന്നും, പ്രശ്‌നങ്ങൾക്ക് ശാസ്‌ത്രീയമായ ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.