എറണാകുളം: കൊച്ചിയിൽ ഒരു വർഷത്തിനകം സിഎൻജി മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കാൻ തയ്യാറാണെന്ന് ബിപിസിഎൽ സർക്കാരിനെ അറിയിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിൽ ബിപിസിഎൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് പ്ലാൻ്റ് സ്ഥാപിക്കാൻ തത്വത്തിൽ ധാരണയായത്. ഇത്തരമൊരു പ്ലാൻ്റ് സ്ഥാപിക്കാൻ തയ്യാറാണെന്ന് ബിപിസിഎൽ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ബിപിസിഎൽ സന്നദ്ധത അറിയിച്ചതോടെയാണ് പി രാജീവും, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയും എംബി രാജേഷും ബിപിസിഎൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. പ്ലാൻ്റ് സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിയുടെ നടത്തിപ്പിന്‍റെ ഉത്തരവാദിത്തവും ബിപിസിഎൽ ഏറ്റെടുക്കും. ഇവിടെ ഉൽപാദിപ്പിക്കുന്ന ഗ്യാസ് ബിപിസിഎൽ ഉപയോഗിക്കും. എത്രയും പെട്ടെന്നു സ്ഥലം കണ്ടെത്തി പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി ശാസ്ത്രീയമായ കർമ്മപരിപാടിയാണ് കൊച്ചിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശുചിത്വ മാലിന്യ സംസ്‌കരണ കർമ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലയിലെ 13 നഗരസഭകളിൽ പ്രത്യേക സ്ക്വാഡുകൾ പ്രവർത്തനം നടത്തുന്നുണ്ട്. മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രീയ ഉറവിടമാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും അടിയന്തരമായി ഹ്രസ്വ-ദീർഘകാല നടപടികൾ സ്വീകരിക്കുന്നതിനുമായി ജില്ലയിൽ പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഇവ മുൻ നിശ്ചയിച്ചതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്നതാണ്. ഇതിനോടൊപ്പം കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിൽ പുതുതായി നിർമ്മിക്കുന്ന പ്ലാൻ്റിന് നിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി രാജീവ് അറിയിച്ചു.