എറണാകുളം : കേരളത്തിൽ രണ്ട് സ്ത്രീകളെ നരബലി നടത്തി. എറണാകുളത്ത് താമസിക്കുകയായിരുന്ന രണ്ട് സ്ത്രീകളെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
![black magic in kerala women sacrificed in pathanamthitta കേരളത്തിൽ നരബലി സ്ത്രീകളെ കൊലപ്പെടുത്തി സ്ത്രീകളെ നരബലി നൽകി black magic for financial prosperity women murdered sorcerer killed woman നരബലി സ്ത്രീകളെ നരബലി നടത്തി ആഭിചാര ക്രിയ](https://etvbharatimages.akamaized.net/etvbharat/prod-images/16612240_kj.jpg)
തിരുവല്ല സ്വദേശികളായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലീല, ഇവരുടെ ഏജന്‍റ് പെരുമ്പാവൂർ എസ്ആർഎം റോഡിൽ താമസിക്കുന്ന റഷീദ് എന്നറിയപ്പെടുന്ന മുഹമ്മദ് ഷാഫി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി പൊന്നുരുന്നി സ്വദേശിനി പത്മം (52), കാലടി സ്വദേശിനി റോസ്‌ലിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ജൂലൈ, സെപ്‌റ്റംബർ മാസങ്ങളിലായി കാണാതെ പോയിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ലോട്ടറി വിൽപന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പത്മം. ഇവർക്ക് ആഭിചാരക്രിയയുമായി ബന്ധമുള്ളതായാണ് വിവരം.
കൊച്ചിയിൽ നിന്നും സ്ത്രീകളെ ഷാഫി പ്രലോഭിപ്പിച്ച് പത്തനംതിട്ടയിലെ ദമ്പതികളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചാണ് ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം കഷണങ്ങളാക്കി തിരുവല്ലയിലെ വ്യത്യസ്‌ത പ്രദേശങ്ങളിൽ അടക്കം ചെയ്‌തു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ഐശ്വര്യവും സമ്പത്തും നേടുന്നതിനുമാണ് ഇരുവരെയും നരബലി നടത്തിയത്.
![black magic in kerala women sacrificed in pathanamthitta കേരളത്തിൽ നരബലി സ്ത്രീകളെ കൊലപ്പെടുത്തി സ്ത്രീകളെ നരബലി നൽകി black magic for financial prosperity women murdered sorcerer killed woman നരബലി സ്ത്രീകളെ നരബലി നടത്തി ആഭിചാര ക്രിയ](https://etvbharatimages.akamaized.net/etvbharat/prod-images/16612240_erg.jpg)
പത്മത്തെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ ആറന്മുളയിൽ കണ്ടെത്തിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിലാണ് ജൂണിൽ മറ്റൊരു സ്ത്രീയും ഇതേവീട്ടിൽ സമാനമായ രീതിയിൽ ബലിയർപ്പിക്കപ്പെട്ടതായി തെളിഞ്ഞത്.