കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസും ഇടതുപക്ഷപാർട്ടികളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ആസൂത്രിതമായ അജണ്ട നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പൗരത്വ നിയമം മുസ്ലീങ്ങളെ വേട്ടയാടുന്നതാണെന്നും മറ്റുമുള്ള പ്രചരണങ്ങൾ നടത്തി, മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീചമായ ശ്രമമാണ് ഇരുകൂട്ടരും നടത്തുന്നതെന്ന് പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ബിജെപി സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്‌തുകൊണ്ട് സുരേന്ദ്രൻ പറഞ്ഞു.
പന്തീരാങ്കാവിൽ രണ്ട് പേർക്കെതിരെ യുഎപിഎ നിയമം ചുമത്തിയപ്പോൾ ഇരുവരും നിരപരാധികളാണെന്ന് പറഞ്ഞ് സംസ്ഥാന ധനകാര്യമന്ത്രി പിറ്റേദിവസം തന്നെ ഇരുവരുടെയും വീട്ടിലെത്തി. എന്നാൽ ഒന്നരമാസം പിന്നിടുമ്പോൾ സംസ്ഥാന സുരക്ഷയെ ബാധിക്കുന്ന ഒന്നാണ് ഈ കേസെന്നും ഇതിൽ എൻഐഎ അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടി കേരളത്തിലെ ആഭ്യന്തര മന്ത്രാലയം കേന്ദ്രത്തിന് കത്തയച്ചു. പ്രചരണങ്ങളും വസ്തുതകളും തമ്മിൽ ഏറെ അന്തരമുണ്ടെന്ന് കാണിക്കുന്നതാണ് യുഎപിഎ കേസെന്നും ഇതുപോലെ ഒന്നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇപ്പോൾ കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.