എറണാകുളം: ഭൂതത്താൻകെട്ട് സൗന്ദര്യവത്ക്കരണ പദ്ധതി നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഞ്ചാരികളെ ആകർഷിക്കാൻ വ്യത്യസ്‌തമായ നിരവധി കാഴ്‌ചകളാണ് ഭൂതത്താൻകെട്ടിൽ ഒരുങ്ങുന്നത്. പെരിയാർവാലി ഇറിഗേഷൻ പ്രൊജക്‌ട് മുഖേന നടപ്പാക്കിയ ഭൂതത്താൻകെട്ട് ടൂറിസം പദ്ധതി മുഖേനയാണ് 40 ഏക്കർ സ്ഥലം നവീകരിച്ചത്. ഏറുമാടങ്ങൾ, ജലാശയത്തിന്‍റെ സംരക്ഷണ ഭിത്തി, കോട്ടേജ് നവീകരണം, യാർഡ് ലൈറ്റിങ്ങ്, ഓപ്പൺ എയർ തിയേറ്റർ, ഇരിപ്പിടങ്ങൾ, ലാൻഡ് സ്കേപിങ് എന്നീ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൂടാതെ പൂൾ ഏരിയയിൽ വിനോദ സഞ്ചാരികൾക്കായി പെഡൽ ബോട്ടിങ്ങ്, ബോട്ടിൽ സഞ്ചരിച്ച് മീൻ പിടിക്കുന്നതിന് സൗകര്യം, പൂളിനോട് ചേർന്ന് വരുന്ന നടപ്പാതയിൽ വാക് വേ, നടപ്പാതയോട് ചേർന്ന് പഴങ്ങളുടെയും പച്ചക്കറികളുടെയും ഓർഗാനിക് ഗാർഡൻ, ഫോട്ടോ സെക്ഷനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച സ്ഥല സൗകര്യങ്ങൾ എന്നിവ കൂടി ഭൂതത്താൻകെട്ടിൽ ഒരുക്കുമെന്ന് ആന്‍റണി ജോൺ എംഎൽഎ പറഞ്ഞു.
ഇതിനു പുറമെ വാച്ച് ടവർ നിർമാണവും പൂർത്തിയായിട്ടുണ്ട്. 30 കോടി രൂപയുടെ ടൂറിസം പദ്ധതികളാണ് ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്നതെന്നും ഫോർട്ട് കൊച്ചി ആസ്ഥാനമായുള്ള ഗ്രീനിക്‌സ് എന്ന സ്ഥാപനത്തെയാണ് മേൽ നോട്ട ചുമതല ഏൽപ്പിച്ചിട്ടുള്ളതെന്നും ആന്‍റണി ജോൺ എംഎൽഎ അറിയിച്ചു. പദ്ധതി നടപ്പാകുന്നതോടെ ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവർക്കും ഈ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും പുത്തൻ ഉണർവേകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.