കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്തവര്‍ പിടിയിലായി. കൊച്ചി സ്വദേശികളായ വിപിന്‍, ബിലാല്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇവര്‍ വെടിവെക്കാനായി ഉപയോഗിച്ച തോക്കും കണ്ടെടുത്തു. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. രവി പൂജരിയമായി ബന്ധമുള്ള കാസര്‍കോട്ടെ സംഘമാണ് ഇവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15നാണ് ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് നടന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ആദ്യ അറസ്റ്റ്. മുംബൈയിലെ അധോലോക കുറ്റവാളിയായ രവി പൂജരി വെടി വെയ്പ്പ് നടന്ന ശേഷം നടി ലീന മരിയ പോളിനെ ഫോണില്‍ ബന്ധപ്പെട്ട് 25 ലക്ഷം രൂപ ചോദിച്ചിരുന്നു. ഇപ്പോള്‍ പിടിയാലായവര്‍ക്ക് രവി പൂജരിയുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് കാസറകോട്ടെ സംഘമാണ്.
പെരുമ്പാവൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തില്‍ നിന്നാണ് ലീന മരിയ പോളിനെ കുറിച്ച് കാസര്‍കോട് സംഘത്തിന് വിവരം ലഭിക്കുന്നത്. കൊല്ലം സ്വദേശിയായ നിര്‍മ്മാതവും ഡോക്ടറുമായ ഒരാള്‍ക്കും ഇതുമായി ബന്ധമുണ്ടെന്നാണ് ക്രൈബ്രാഞ്ചിന് കിട്ടിയ വിവരം. ഇയാള്‍ ഇപ്പോള്‍ ദുബൈയിലാണെന്നാണ് സൂചന.