കൊച്ചി: കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ് ജഡ്‌ജ് ബി. കലാം പാഷയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ മാർച്ച് 31 വരേക്ക് റിമാൻഡ് ചെയ്തു. ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് നിസാരമല്ല. ദുരിതമനുഭവിച്ചവർക്ക് കൊടുക്കാനുള്ള തുകയാണ് വെട്ടിച്ചതെന്നും വളരെ ഗൗരവമുള്ള കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒന്നാം പ്രതി എറണാകുളം കലക്‌ട്രേറ്റിലെ സെക്ഷൻ ക്ലർക്ക് വിഷ്‌ണു പ്രസാദ്, ആറാം പ്രതി സിപിഎം തൃക്കാക്കര ലോക്കൽ കമ്മിറ്റി മുൻ അംഗം നിധിൻ, ഭാര്യയും എഴാം പ്രതിയുമായ ഷിന്‍റു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കും. കൂടുതൽ വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന അന്വേഷണം ഇപ്പോഴും നടക്കുകയാണന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രണ്ടാം പ്രതി മഹേഷ് ജാമ്യാപേക്ഷ നൽകിയിരുന്നില്ല. മൂന്നാം പ്രതി അൻവർ, അഞ്ചാം പ്രതി അൻവറിന്‍റെ ഭാര്യ കൗലത്ത് എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല. വിഷ്‌ണു പ്രസാദിനെ അറസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.