എറണാകുളം: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികൾ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മൂന്നാം പ്രതിയും കൊച്ചി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.എൻ അൻവർ, ഭാര്യ കൗലത്ത് എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അൻവറിന്‍റെ അക്കൗണ്ടിലേക്ക് പ്രളയ ഫണ്ടിൽ നിന്നും പത്തര ലക്ഷം രൂപ ഒന്നാം പ്രതിയും കലക്‌ട്രേറ്റിലെ ജീവനക്കാരനുമായ വിഷ്ണു പ്രസാദ് ട്രാൻസ്ഫർ ചെയ്തത് കണ്ടെത്തിയിരുന്നു. ജില്ലാ കലക്ടർ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് വ്യക്തമായത്. വിഷ്ണു പ്രസാദിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും നഷ്ടപ്പെട്ട തുക തിരിച്ച് പിടിക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് വിഷ്ണു പ്രസാദിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്.
സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ അൻവറിന്‍റെ അക്കൗണ്ടിലേക്ക് ബാങ്ക് ജീവനക്കാരിയായ കൗലത്തിന്‍റെ സഹായത്തോടെ പത്തര ലക്ഷം രൂപ കൈമാറ്റം ചെയ്യുകയായിരുന്നു. മറ്റൊരു ലോക്കൽ കമ്മിറ്റി അംഗമായ നിധിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം കൈമാറിയിരുന്നു. നിധിനെയും ഭാര്യയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അൻവർ ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് അൻവറും ഭാര്യയും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.