എറണാകുളം: മദ്യപിച്ചെത്തി യുവതിയേയും കുഞ്ഞിനെയുമടക്കം നിര്‍ത്തിയിട്ട കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചോറ്റാനിക്കര സ്വദേശി ആഷ്ലിയാണ്(54) അറസ്റ്റിലായത്. വ്യാഴാഴ്‌ച(11.08.2022) രാത്രി പത്തേമുക്കാലിനാണ് സംഭവം. ചോറ്റാനിക്കരയിലെ ബാറിന് സമീപമുള്ള ഹോട്ടലിനടുത്ത് നിര്‍ത്തിയിട്ട കാറാണ് ഇയാള്‍ തട്ടിയെടുത്തത്.
ഭാര്യയേയും രണ്ടര വയസുള്ള കുഞ്ഞിനെയും കാറിലിരുത്തി ഭര്‍ത്താവ് ഹോട്ടലിലേക്ക് ഭക്ഷണം വാങ്ങാന്‍ പോയ സമയത്താണ് ഇയാള്‍ കാറുമായി കടന്ന് കളഞ്ഞത്. ഇയാള്‍ കാറില്‍ കയറിയതോടെ യുവതി നിലവിളിച്ചു. എന്നാല്‍ അമിത വേഗത്തില്‍ കാറോടിച്ച ഇയാള്‍ റോഡരികില്‍ നിന്നയാളെ ഇടിച്ച് തെറിപ്പിച്ചു.
തുടര്‍ന്ന് റോഡരികിലെ കടയിലും പോസ്‌റ്റിലും ട്രാന്‍സ്‌ഫോമറിലും ഇയാള്‍ കാറിടിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. കാറിലിരുന്ന യുവതിക്കും കുഞ്ഞിനും അപകടത്തില്‍ പരിക്കേറ്റു.
ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയില്‍പ്പെട്ടയാളാണ് ആഷ്ലി. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കെ.പി.ജയപ്രസാദ്, സബ് ഇന്‍സ്‌പെക്‌ടര്‍ എ .എൻ.സാജു, എ.എസ്.ഐ റെക്‌സ് പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.