എറണാകുളം : നടൻ വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം. കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം ആളുകൾ ഫ്ലാറ്റിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും പൊലീസും ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരും ഇടപ്പെട് തടയുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് സംശയം. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഫ്ലാറ്റിലെത്തിയായിരുന്നു ആക്രമണം. സംഭവത്തിൽ വിനായകന്‍റെ കുടുംബം പൊലീസിൽ പരാതി നൽകി.
വിനായകന്‍റെ ഫേസ് ബുക്ക് ലൈവിന് എതിരെ കേസ് : അതേസമയം വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നോർത്ത് പൊലീസ് വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. എറണാകുളം ഡിസിസി ഉൾപ്പെടെ പരാതി നൽകിയ സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമത്തിൽ കൂടി മരണാനന്തരവും ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതരെ കേസെടുക്കണമെന്നായിരുന്നു എറണാകുളം ഡിസിസി സെക്രട്ടറി അജിത് അമീർ ബാവ കഴിഞ്ഞ ദിവസം നോർത്ത് പൊലീസിൽ നൽകി പരാതിയിൽ ആവശ്യപ്പെട്ടത്.
also read : 'ഉമ്മന്‍ ചാണ്ടി ചത്തു, അതിന് ഞങ്ങള്‍ എന്ത് ചെയ്യണം' ; കടുത്ത അധിക്ഷേപവുമായി വിനായകന്‍, പ്രതിഷേധം കനക്കുന്നു
ഉമ്മൻ ചാണ്ടിയെ സ്‌നേഹിക്കുന്ന ലക്ഷകണക്കിന് മലയാളികളുടെ വികാരം മാനിക്കണം. സിനിമ മേഖലയിലെ ലഹരിയുടെ തലവൻ വിനായകനാണെന്നും പരാതിയിൽ ആരോപിച്ചു. വിനായകന്‍റെ ഗുണ്ട, മാഫിയ ബന്ധം അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഫേസ്‌ബുക്ക് ലൈവിലെ പരാമർശങ്ങൾ : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത ഭാഷയിലാണ് ഫേസ് ബുക്ക് ലൈവിലൂടെ വിനായകൻ വിമർശിച്ച്. 'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാടോ മൂന്ന് ദിവസമൊക്കെ അവധി, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്തു, അതിന് ഞങ്ങള്‍ എന്ത് ചെയ്യണം? എന്‍റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവന്‍ ആണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്‍റെ കാര്യം നോക്കിയാല്‍ നമുക്ക് അറിയില്ലേ, ഇയാള്‍ ആരൊക്കെയാണെന്ന്' എന്നായിരുന്നു വിനായകന്‍റെ പരാമർശം.
വിനായകൻ മാപ്പ് പറയണമെന്ന് കോൺഗ്രസ് : വിനായകന്‍റെ ലൈവിന് പിന്നാലെ പൊതുജനം വ്യാപക പ്രതിഷേധം ഉയർത്തിയതോടെ നടൻ പോസ്‌റ്റ് പിൻവലിക്കുകയും ചെയ്‌തിരുന്നു. പിന്നീട് വിഷയത്തിൽ വിനായകൻ പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും കോൺഗ്രസ് പ്രവർത്തകർ വിഷയത്തിൽ ആഞ്ഞടിച്ചിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചതിന് വിനായകൻ മാപ്പ് പറയണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടത്. സംഭവത്തിൽ അഡ്വ. ശ്രീജിത്ത് പെരുമനയും വിനായകന്‍റെ വീഡിയോ തന്‍റെ ഫേസ്‌ബുക്ക് പേജിൽ പങ്കിട്ട് പ്രതികരിച്ചിരുന്നു.