എറണാകുളം : അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ കൊച്ചി എൻഐഎ കോടതി ഒരു മാസത്തേക്ക് റിമാൻഡ് ചെയ്‌തു. യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ റിമാൻഡ് ചെയ്‌തത്. ഇരുപത്തിയഞ്ച് പ്രതികളിൽ പതിനൊന്ന് പേരെയാണ് കോടതിയിൽ ഹാജരാക്കിയത്. പതിനാല് പേരെ നേരത്തെ ഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു.
ആർഎസ്എസിനെ തൃപ്‌തിപ്പെടുത്താൻ വേണ്ടിയുള്ള അറസ്‌റ്റാണ് ഇതെന്ന് പ്രതികൾ ആരോപിച്ചു. തങ്ങൾ തെറ്റ് ചെയ്‌തിട്ടില്ല, അതിനാല്‍ പേടിയില്ല. ആർഎസ്എസിന് ധൈര്യം ഇല്ലാത്തതുകൊണ്ടാണ് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയെ ഉപയോഗിച്ച് തങ്ങളെ തകർക്കാൻ ശ്രമിക്കുന്നതെന്നും പ്രതികൾ ആരോപിച്ചു.
കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്‌മുദ്ദീൻ, സൈനുദ്ദീൻ, ഉസ്‌മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയത്. ഒഎംഎ സലാം, അബ്‌ദുറഹ്‌മാൻ, പി കോയ, അനീസ് അഹമ്മദ്, അഫ്‌സർ പാഷ, അബ്‌ദുൽ വാഹിദ്, ജസീർ, ഷഫീര്‍, അബൂബക്കർ, മുഹമ്മദ് ബഷീർ, നസറുദ്ദീൻ എളമരം, അസിഫ് മിര്‍സ, മുഹമ്മദലി ജിന്ന ,മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് ഡൽഹിയിലേക്ക് കൊണ്ടുപോയത്. പോപ്പുലർ ഫ്രണ്ടിന് മുദ്രാവാക്യം വിളിച്ചാണ് പ്രതികൾ കോടതിയിലേക്ക് പ്രവേശിച്ചത്.
ഭീകരവാദത്തിന് ധനസഹായം നൽകൽ, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ആളുകളെ ചേര്‍ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു വ്യാഴാഴ്‌ച പുലർച്ചെ മുതൽ എൻഐഎ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികളിലും ഓഫിസുകളിലും റെയ്‌ഡ് നടത്തിയത്. കേരളത്തിന് പുറമെ തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി 15 സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.