കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ അധികാരം പിടിച്ചെടുത്ത കർദിനാൾ ജോര്‍ജ് ആലഞ്ചേരിക്ക് ഭരിക്കാനാവില്ലെന്ന് അൽമായരുടെ സംഘടനയായ ആർച്ച് ഡയസിയൻ മൂവ്മെന്റ് ഫോർ ട്രാൻസ്‌പരന്‍സി. ഓറിയന്‍റൽ കോൺഗ്രിഗേഷനെ സ്വാധീനിച്ചാണ് അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ ആലഞ്ചേരി തിരിച്ചെത്തിയത്. ഓറിയന്‍റൽ കോൺഗ്രിഗേഷന് മുകളിലുള്ള സമിതിയെ പരാതി അറിയിക്കുമെന്നും എഎംടി വക്താവ് ഷൈജു ആന്‍റണി ഇടിവി ഭാരതിനോട് പറഞ്ഞു.
വിവാദ ഭൂമി ഇടപാടുമായി ബന്ധപെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാർപാപ്പ കണ്ടിരുന്നുവെങ്കിൽ ഇത്തരമൊരു തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. വിശ്വാസികളുടെ 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് തയ്യാറാക്കിയ ഭൂമി വിവാദത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണം. റിപ്പോർട്ടിലെ വിവരങ്ങൾ അറിയാൻ വിശ്വാസികൾക്ക് അവകാശമുണ്ട്. ഇതേ ആവശ്യമുന്നയിച്ച് നിയമ നടപടി സ്വീകരിക്കും. സഹായ മെത്രാന്‍മാരെ പുറത്താക്കിയതില്‍ സംശയങ്ങള്‍ ഉണ്ട്. നടപടിക്ക് വിധേയരാകുന്നവരോട് ആദ്യം സംസാരിക്കുന്ന രീതിയാണ് വത്തിക്കാൻ സ്വീകരിക്കാറുള്ളത്. ഇവിടെ അതുണ്ടായില്ല. ആലഞ്ചേരിക്ക് അതിരൂപതയുടെ ഭരണപരമായ ചുമതലകൾ നൽകിയെന്ന മാർപാപ്പയുടെ ഓർഡർ പുറത്ത് വിടണം. 90 ശതമാനത്തിലേറെ വൈദികരും ആരോപണ വിധേയനായ കർദിനാളിനെ അംഗികരിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് അതിരൂപതയുടെ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്നും വിശ്വാസികളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഷൈജു ആന്റണി പറഞ്ഞു.