എറണാകുളം: കോതമംഗലം - കീരംപാറ പഞ്ചായത്തിലെ വെളിയേൽച്ചാലിനു സമീപം മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ആന്‍റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. കീരംപാറ പഞ്ചായത്തിലെ ഏഴാം വാർഡായ മുട്ടത്തുകണ്ടത്താണ് ഇന്നലെ വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
മുവാറ്റുപുഴ ആ.ഡി.ഒ സുരേഷ് കുമാർ, കോതമംഗലം തഹസിൽദാർ റേച്ചൽ കെ.വർഗ്ഗീസ് , ഡെപ്പ്യൂട്ടി തഹസിൽദാർ ഗിരീഷ് ലാൽ എം.കെ, വില്ലേജ് ഓഫീസർ എന്നിവർ മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മണ്ണിടിച്ചിൽ ഏകദേശം 150 - ഓളം അടി ഉയരത്തിൽ നിന്ന് കല്ലും മണ്ണും പതിച്ച് മലയുടെ ചെരുവിലുണ്ടായിരുന്ന ഒരേക്കറോളം കൃഷിഭൂമി നശിച്ചുപോയി. കൃഷിയിടത്തിലെ റബർ മരങ്ങളും മറ്റ് മരങ്ങളും കൂറ്റൻ പാറക്കല്ലുകൾക്കൊപ്പം കടപുഴകി താഴേക്ക് പതിച്ചു. ഏഴോളം വീടുകൾ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് താഴെയുണ്ട്. ഇവർ ബന്ധുവീടുകളിലേക്ക് മാറി.
മണ്ണിടിച്ചിൽ ഉണ്ടായ പാറയുടെ സമീപത്തായി വലിയ രീതിയിലുള്ള പാറ ഖനനം നടക്കുന്നുണ്ടെന്നും, ഇതുമൂലമാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. പാറ പൊട്ടിക്കുന്ന സമയങ്ങളിൽ പ്രദേശത്ത് വലിയ കുലുക്കം അനുഭവപ്പെടാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
ALSO READ: 'ഒരു തരത്തിലും നന്ദി കിട്ടിയില്ല'; കവിതയിലൂടെ അമര്‍ഷം പറഞ്ഞ് ജി സുധാകരന്‍
എന്നാൽ ആശങ്കപ്പെട്ടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് എത്തി പരിശോധന നടത്തിയതിന് ശേഷം പാറ ഖനനമാണ് മണ്ണിടിച്ചിലിന് കാരണമായതെങ്കിൽ നടപടി ഉണ്ടാകുമെന്ന് ആ.ഡി.ഒ അറിയിച്ചു.