എറണാകുളം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ വീണ്ടും എഫ്ഐആർ. സൂരജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുവാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്‍റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകിയ കേസിലാണ് എഫ്ഐആർ. പൊതുപ്രവർത്തകൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ്. 35 കോടി രൂപയുടെ അഴിമതിയാണ് സൂരജിനെതിരെ ആരോപിക്കുന്നത്.
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഉദ്യോഗസ്ഥരായ എംഡി കെഎസ് രാജു, ചീഫ് എഞ്ചിനീയർ പികെ സതീശൻ, ജനറൽ മാനേജർ ശ്രീനാരായണൻ, മാനേജിങ് ഡയറക്ടർ പിആർ സന്തോഷ് കുമാർ, ഫിനാൻസ് മാനേജർ ശ്രീകുമാർ, പിഡബ്ല്യുഡി അണ്ടർ സെക്രട്ടറി എസ് മാലതി, കരാറുകാരായ പിജെ ജേക്കബ്, വിശ്വനാഥൻ വാസു അരങ്ങത്ത്, കുരീക്കൽ ജോസഫ് പോൾ എന്നിവർക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഓഗസ്റ്റ് 30ന് ടിഒ സൂരജുൾപ്പടെ നാല് പേരെ വിജിലൻസ് അറസ്റ്റ് ചെയ്‌തിരുന്നു.