എറണാകുളം:അങ്കമാലിയിൽ നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് കാരണം പുറമ്പോക്ക് കയ്യേറി നിർമ്മിച്ച അനധികൃത കെട്ടിടമാണെന്ന് ആക്ഷേപം.കാഴ്ച മറയ്ക്കുന്ന തരത്തിൽ അനധികൃത കെട്ടിടം നിന്നതാണ് നാലു പേരുടെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ ആരോപിച്ചു. ദേശീയപാത അങ്കമാലി ബാങ്ക് ജംഗ്ഷനിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവറടക്കം മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്.
ദേശീയപാത ബാങ്ക് ജംഗ്ഷൻ സ്ഥിരം അപകട മേഖലയാണെന്നും ബസിലിക്ക പള്ളി കവാടത്തിന് സമീപം റോഡിലേക്ക് ഇറക്കി നിർമ്മിച്ച കെട്ടിടമാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ പറയുന്നു. ഈ കെട്ടിടം പൊളിച്ചു മാറ്റുവാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും അങ്കമാലി നഗരസഭ നടപടിയെടുത്തില്ല. അടുത്തിടെ പുറമ്പോക്ക് ഭൂമി കൈയേറി കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. .ദേശീയപാത അധികൃതർ നടത്തിയ പരിശോധനയിൽ റോഡ് കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. കെട്ടിടം ഉടൻ പൊളിച്ചു കളയണമെന്നും ദുരന്തം സ്ഥലത്ത് കൂടിയ നാട്ടുകാർ ആവശ്യപ്പെട്ടു.