എറണാകുളം: ഷെയ്ന്‍ നിഗം വിഷയത്തിൽ താരസംഘടനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഷെയ്ന്‍ കാരണം മുടങ്ങിയ വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന നിർമാതാക്കളുടെ ആവശ്യം താര സംഘടന തള്ളി. ഇതോടെയാണ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞത്. നിർമാതാക്കളുടെ ആവശ്യം മാനിച്ച് മുടങ്ങി കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് അമ്മയുടെ നിർദേശപ്രകാരം ഷെയ്ന്‍ പൂർത്തിയാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രശ്നപരിഹാരത്തിനായി അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നേരിട്ട് ചർച്ച നടത്തിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശം അംഗീകരിക്കാനാവില്ലെന്ന് അമ്മ ജനറൽ സെക്രടറി ഇടവേള ബാബു പറഞ്ഞു. ഷെയ്‌ന് തെറ്റ് പറ്റിയിട്ടുണ്ട്. അത് സംഘടനയ്ക്ക് മുന്നിൽ ഏറ്റുപറയുകയും അദ്ദേഹത്തെ ശകാരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം ഉപാധികളില്ലാതെയാണ് ഡബ്ബിങ് പൂർത്തിയാക്കിയത്. എന്നിട്ടും വൻതുക നഷ്ടപരിഹാരം ചോദിക്കുന്നത് ശരിയല്ല. ഷെയ്‌ന് നിർമാതാക്കൾ നൽകാനുള്ള തുക സിനിമകൾ പൂർത്തിയാക്കിയ ശേഷം നൽകിയാൽ മതിയെന്ന് അറിയിച്ചിരുന്നു. അമ്മ എക്‌സിക്യൂട്ടീവ് ചേർന്ന് ഭാവി നടപടികൾ തീരുമാനിക്കുമെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
നിര്‍മാതാക്കള്‍ ഷെയ്‌നുമായി സഹകരിക്കില്ലെന്ന് അറിയിച്ച ശേഷവും പല നിർമാതാക്കളും പുതിയ സിനിമകൾക്ക് വേണ്ടി ഷെയ്‌ന്‍ നിഗമിന് അഡ്വാൻസ് നൽകിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് ഷെയ്‌നെ അഭിനയിപ്പിച്ച് സിനിമയിറക്കാൻ നിർമാതാക്കളിൽ ചിലർ തയ്യാറാണെന്നാണ്. ഷെയ്‌ന് നൽകാവുന്ന ശിക്ഷ ഇതിനകം നൽകി കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി സിനിമയില്ലാതെ വീട്ടിലിരിക്കുകയായിരുന്നുവെന്നും അമ്മ ഭാരവാഹികൾ പറഞ്ഞു. അതേസമയം നഷ്‌ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ആന്‍റോ ജോസഫ് പറഞ്ഞു. നിർമാതാക്കളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം സംഘടനയ്ക്കുണ്ടന്നും കെഎഫ്‌പിഎ ഭാരവാഹികൾ പറഞ്ഞു.
നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പുതിയതല്ലെന്നും ആദ്യഘട്ടത്തിൽ തന്നെ പറഞ്ഞതാണന്നും കെഎഫ്‌പിഎ ഭാരവാഹികൾ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ചർച്ച തുടരാമെന്ന ധാരണയിലാണ് പിരിഞ്ഞതെന്നും അവർ പറഞ്ഞു. അമ്മയെ പ്രതിനിധീകരിച്ച് നടന്മാരായ ബാബുരാജ്, ടിനി ടോം എന്നിവരും നിർമാതാകളുടെ സംഘടനയിൽ നിന്ന് ബി. രാഗേഷ്, സിയാദ് കോക്കർ, മേനക സുരേഷ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. കൊച്ചിയിലെ കെഎഫ്‌പിഎ ആസ്ഥാനത്താണ് ചർച്ച നടത്തിയത്.