എറണാകുളം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള അമിത് ഷാ തന്ത്രം കേരളത്തിൽ വിലപ്പോവില്ലെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. കൊച്ചി, പറവൂർ മണ്ഡലത്തിലങ്ങളിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കാരാട്ട്.
കേരളത്തിൽ ഇപ്പോൾ രണ്ട് മുന്നണികളെ മാത്രമല്ല എൽഡിഎഫിന് നേരിടാനുള്ളത്. അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഏജൻസികൾ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണ്. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് കുതിക്കുന്ന ഇടത് സർക്കാരിനെതിരെ എന്ത് അടവിറക്കിയാലും കേരളത്തിലെ ജനങ്ങൾ അത് അംഗീകരിക്കില്ല. അവർ ഭരണത്തുടർച്ചക്ക് വേണ്ടി തന്നെ വോട്ട് ചെയ്യുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി യുഡിഎഫും ബിജെപിയും ഒരുമിച്ചാണ് സംസ്ഥാന സർക്കാരിനെ ആക്രമിക്കുന്നത്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ കോൺഗ്രസ് ബിജെപിക്ക് അടിയറവ് പറയുന്നു. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽകരിക്കുന്നു. എന്നാൽ സംസ്ഥാന സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുന്നു. വിദ്യാഭ്യാസ ആരോഗ്യമേഖലയിലും ഇടത് സർക്കാർ മികച്ച മുന്നേറ്റം നടത്തി. രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങളിൽ നിന്ന് വ്യത്യസ്തമായി ബദൽ നയമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഇതിനെ അട്ടിമറിക്കാനാണ് വലത് രാഷ്ട്രീയ കക്ഷികളുടെ ശ്രമമെന്നും കാരാട്ട് കുറ്റപ്പെടുത്തി.