എറണാകുളം : മാസപ്പടി ആരോപണത്തിൽ തെളിവില്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് പ്രഥമദൃഷ്‌ട്യാ ശരിയല്ലെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തെറ്റാണ്. വിചാരണ കോടതി ഹർജി പ്രാഥമിക അന്വേഷണത്തിന് വിടണമായിരുന്നുവെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു.
അമിക്കസ് ക്യൂറി കോടതിയില്‍ പറഞ്ഞത് : സിഎംആർഎൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയടക്കം മാസപ്പടി വാങ്ങിയ സംഭവത്തിൽ തെളിവില്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് പ്രഥമദൃഷ്‌ട്യാ ശരിയല്ല. ഗിരീഷ് ബാബുവിന്‍റെ ഹർജിയിൽ പ്രാഥമികാന്വേഷണം നടത്താൻ കീഴ്‌ക്കോടതിക്ക് ഉത്തരവിടാമായിരുന്നു. കാരണം പരാതിക്കാരന് തെളിവ് ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. അന്വേഷണ ഏജൻസിയാണ് തെളിവുശേഖരിക്കേണ്ടതെന്നും അമിക്കസ് ക്യൂറി കോടതിയില്‍ അറിയിച്ചു.
സിഎംആർഎൽ കമ്പനിയുടെ സിഇഒയും സിഎഫ്‌ഒയും പണം നൽകിയിട്ടുണ്ടെന്ന് മൊഴി നൽകിയിരുന്നു. ആദായ നികുതി വകുപ്പ് ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിന്‍റെ ഉത്തരവ് കോടതി പരിഗണിച്ചില്ലെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ ധരിപ്പിച്ചു. അതേസമയം ഹർജിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരനായ ഗിരീഷ് ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
ഹർജിക്കാരൻ മരിച്ച സാഹചര്യത്തിൽ ഹർജി മുന്നോട്ടുകൊണ്ടുപോകുന്നതിലുൾപ്പടെ നിയമവശം പരിശോധിക്കാനായിരുന്നു അമിക്കസ് ക്യൂറിയുടെ സഹായം കോടതി തേടിയത്. അമിക്കസ് ക്യൂറിയുടെ വാദം കേട്ട കോടതി ഹർജി വിധി പറയാൻ മാറ്റി. മാസപ്പടി വാങ്ങി എന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയന്‍, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് പുനഃപരിശോധിക്കാനാവശ്യപ്പെട്ടുള്ളതാണ് ഹർജി.