എറണാകുളം: സിനിമ റിവ്യൂ ബോംബിങ് ഒരു പരിധി വരെ നിയന്ത്രണ വിധേയമായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. ലഭിച്ച പരാതികളിൽ പൊലീസ് നടപടിയെടുത്തതായി സർക്കാരും കോടതിയിൽ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലെ അജ്ഞാത പോസ്‌റ്റുകൾ നിരീക്ഷിക്കുന്നുണ്ടെന്നും പരാതികൾ ലഭിച്ചാൽ ഗൗരവത്തോടെ അന്വേഷണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അതോറിറ്റി പ്രശ്‌നങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കി.
നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കോടതി: മറഞ്ഞിരുന്ന് വിദ്വേഷകരമായ പോസ്‌റ്റുകൾ ഇടുന്നവർക്കെതിരെ നടപടി കർശനമാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണം. നിരൂപണങ്ങൾ ആളുകളെ കാര്യങ്ങൾ അറിയിക്കാനുള്ളതാണ്. നശിപ്പിക്കാനോ പിടിച്ചുപറിക്കാനോ ഉള്ളതല്ലെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി.
നേരത്തെ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു സർക്കാർ സിനിമ നെഗറ്റീവ് റിവ്യൂ ബോംബിങിൽ പ്രോട്ടോക്കോൾ കൊണ്ടുവന്നത്. സംസ്ഥാനത്തെമ്പാടും നിരവധി യൂട്യൂബർ, വ്ളോഗർമാർക്കെതിരെ പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കുകയും ചെയ്‌തിരുന്നു.
റിവ്യൂവില്‍ വ്യക്തത വരുത്തി കോടതി: സിനിമ റിലീസ് ചെയ്‌ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് ഹൈക്കോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം. ഫോൺ കയ്യിലുണ്ടെങ്കിൽ എന്തും ചെയ്യാം എന്ന അവസ്ഥയാണെന്നും ബ്ലാക്ക് മെയിൽ ചെയ്യുന്ന വ്‌ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും കോടതി അറിയിച്ചിരുന്നു. ഇവർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നും റിവ്യൂ ബോംബിങ് മൂലം സിനിമ വ്യവസായം നശിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഇത്തരം പ്രവണതകൾക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രയും കാലം എന്തുചെയ്‌തുവെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്ത് വന്നതെന്നും സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ റിവ്യൂ ബോംബിങ് തടയാൻ നിലവിൽ പ്രോട്ടോകോൾ ഇല്ലെന്ന് അന്ന് സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചിരുന്നു. സംവിധായകർ, നിർമാതാക്കൾ തുടങ്ങി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്‌ത് പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. മാത്രമല്ല പ്രൊഫഷണൽ നിരൂപണവും വ്യക്തിപരമായ നിരൂപണവും രണ്ടും രണ്ടാണെന്നും വ്യക്തിപരമായ നിരൂപണത്തിന് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അമിക്കസ് ക്യൂറി വന്നത് ഇങ്ങനെ: നെഗറ്റീവ് സിനിമ റിവ്യൂവിനെതിരെ 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിന്‍റെ സംവിധായകനായ മുബീൻ നൗഫലാണ് ആദ്യമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതില്‍ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് വിലക്കേർപ്പെടുത്തിയിട്ടില്ല എന്ന് വ്യക്തമാക്കിയത്. കൂടാതെ സിനിമയുടെ റിവ്യൂ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിശദീകരണവും കോടതി തേടിയിരുന്നു. തുടര്‍ന്ന് അഡ്വക്കേറ്റ് ശ്യാംപത്‌മനെയാണ് സിനിമയുടെ നെഗറ്റീവ് റിവ്യൂ വിഷയത്തിൽ അന്വേഷണത്തിനായി അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചത്.