എറണാകുളം: കൊവിഷീൽഡ് രണ്ടാം ഡോസ് നൽകുന്നതിൻ്റെ ഇടവേള കുറയ്ക്കണമെന്ന് ഹൈക്കോടതി. രണ്ട് വാക്‌സിനുകൾക്കിടയിലെ കാലയളവിൽ ഇളവ് തേടി കിറ്റക്‌സ് ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ആവശ്യക്കാർക്ക് നാലാഴ്‌ചത്തെ ഇടവേളയിൽ വാക്‌സിൻ നൽകാം.
കോവിൻ പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവുകൾ ബാധകമല്ലന്നും കോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്‍റെ എതിർപ്പ് തള്ളിയാണ് കിറ്റക്‌സിന് അനുകൂലമായ വിധി കോടതി നൽകിയത്.
കൊവിഷീൽഡ് വാക്‌സിന്‍റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചത് ശാസത്രീയ പഠനങ്ങളുടേയും വിദഗ്ധ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട് .വിദേശത്തേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്ക് മാത്രമാണ് ഇളവ് നൽകുന്നത്.
രാജ്യത്തിനകത്തുള്ള തൊഴിൽ മേഖലകളിൽ അടക്കമുള്ളവർക്ക് ഇതിൽ ഇളവ് നൽകാൻ കഴിയില്ല. സ്വന്തം പണം മുടക്കി വാക്‌സിനെടുക്കുന്നവർക്ക് എന്തിനാണ് ഇത്ര വലിയ ഇടവേളയെന്ന സംശയവും കോടതി ഉന്നയിച്ചിരുന്നു.
ഒന്നാം ഡോസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് രണ്ടാം ഡോസ് നല്‍കാന്‍ ഇടവേളയിൽ ഇളവ് നൽകി അനുമതി നൽകണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
also read: നിപ പ്രതിരോധത്തിന് മാനേജ്‌മെന്‍റ് പ്ലാന്‍, എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം
കേന്ദ്രസർക്കാർ നേരത്തെ തന്നെ ചില വിഭാഗങ്ങൾക്ക് ഇളവ് നൽകിയിരുന്നു. കൊവിഷീൽഡ് നിർമാതാക്കളായ ആസ്ട്ര സെനിക്കയുടെ മെഡിക്കൽ രേഖകൾ പ്രകാരം ഇരുപത്തിനാല് ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാമെന്നാണ് വ്യക്തമാക്കുന്നതെന്നും ഹർജിക്കാർ വാദിച്ചിരുന്നു.