എറണാകുളം : പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യ ശ്രമത്തിനാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. അമിതമായി ഉറക്ക് ഗുളിക കഴിച്ചനിലയിൽ അലനെ ഇന്നലെ (08.11.23) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആലുവയിലെ ഫ്ലാറ്റിലായിരുന്നു അവശനിലയിൽ അലൻ ഷുഹൈബിനെ കണ്ടെത്തിയത്. വലിയ അളവിൽ ഉറക്ക് ഗുളിക കഴിച്ച് ഗുരുതരാവസ്ഥയിലായ അലൻ അപകട നില തരണം ചെയ്തിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറിയിയിലേക്ക് മാറ്റാത്തതിനാൽ പൊലീസിന് ഇതുവരെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽകുന്ന വിവരം. തന്നെ കൊല്ലുന്നത് വ്യവസ്ഥയാണെന്നും, ഭരണവർഗ വിദ്യാർത്ഥി സംഘടനയാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും അലൻ ശുഹൈബ് സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നു. കേസിൽ പ്രതിയായതിനെ തുടർന്ന് പരീക്ഷ എഴുതുന്നതിന് ഉൾപ്പെടെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇതേ തുടർന്നുള്ള മാനസിക സംഘർഷങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം.
കോഴിക്കോട് സ്വദേശിയായ അലൻ ഷുഹൈബിന് പന്തീരാങ്കാവ് യുഎപിഎ കേസിൽ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2019 ലായിരുന്നു നിയമ വിദ്യാർത്ഥിയായ അലനെയും, ജേർണലിസം വിദ്യാർത്ഥിയായ താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ പിടിച്ചെടുത്ത് എന്ന് ആരോപിച്ച് ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയിരുന്നു. തുടർന്ന് കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. വിദ്യാർത്ഥികളായ ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. പ്രതിപക്ഷമുൾപ്പടെ ഇരുവർക്കും പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.