എറണാകുളം : എകെജി സെന്‍റർ ആക്രമണക്കേസിൽ ഒന്നാം പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബഞ്ചിന്‍റേതാണ് നടപടി.
കേസ് കെട്ടിച്ചമച്ചതാണെന്നും, തെളിവുകളില്ലാതെ കേസിൽ കുടുക്കുകയായിരുന്നുവെന്നും ജാമ്യ ഹർജിയിൽ പ്രതി വാദിച്ചു. എന്നാല്‍ ജാമ്യാപേക്ഷയെ സർക്കാർ തുറന്നെതിർത്തിരുന്നു. നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
മുൻപും കേസുകളിൽ പ്രതിയായ ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ജൂൺ 30നാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. സെപ്റ്റംബർ 22നാണ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജിതിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
Also read: എകെജി സെന്‍റര്‍ ആക്രമണം; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി
സൈബർ സെല്ലിന്‍റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടര മാസത്തിനിപ്പുറം ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.