എറണാകുളം: കൊവിഡ് 19 ഭീതിയെ തുടർന്ന് നെടുമ്പാശേരിയില്‍ നിന്നുള്ള സർവീസുകൾ വിമാന കമ്പനികൾ റദ്ദാക്കി. സൗദി എയർലൈൻസും മലിന്‍റോ എയർലൈനുമാണ് പ്രതിദിന സർവീസുകൾ താല്‍കാലികമായി നിര്‍ത്തിയത്. സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസ് റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
മലിന്‍റോ എയര്‍ലൈന്‍സ് ക്വലാലംപൂരിലേക്കുള്ള സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെയും സൗദി എയര്‍ലൈന്‍സ് ജിദ്ദയിലേക്കുള്ള സര്‍വീസ് ഈ മാസം 13 വരെയുമാണ് നിര്‍ത്തിവെച്ചത്. അതേസമയം, കൊവിഡ് 19 രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിൽ 30 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണ പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. ജില്ലയിൽ 79 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഒരാൾ കളമശേരി മെഡിക്കൽ കോളജിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ആലപ്പുഴ എൻഐവിയിലേക്ക് തിങ്കളാഴ്ച രണ്ട് സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.